ശതവൽസരാഘോഷത്തിന്റെ ഭാഗമായി യുഎഇ പന്ത്രണ്ടു സുപ്രധാന പദ്ധതികള്‍ നടപ്പാക്കുന്നു. യുഎഇയെ ലോകത്തെ ഏറ്റവും മികച്ച രാജ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് ശതവല്‍സര പദ്ധതി.
ഏരിയ 2071 എന്നു പേരിട്ടാണ് പദ്ധതികള്‍ നടപ്പാക്കുക. ഇതുസംബന്ധിച്ച ധാരണാപത്രങ്ങൾക്ക് യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സാന്നിധ്യത്തിൽ ഒപ്പുവച്ചു. സമസ്ത മേഖലകളിലും യുഎഇയെ ലോകോത്തരമാക്കുന്നതാണ് പദ്ധതി. 1971ലാണ് യുഎഇ രൂപീകൃതമായത്. മികവുകൾ കൈവരിച്ച് ശോഭനമായ ഭാവി അതിവേഗം യാഥാർഥ്യമാക്കുന്ന രാജ്യമായി യുഎഇയെ മാറ്റുകയാണ് ലക്ഷ്യമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. രാജ്യാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരീക്ഷണശാലകൾ, ഗവേഷണ കേന്ദ്രങ്ങൾ എന്നിവയെ രാജ്യത്തേക്ക് ആകർഷിക്കും. ഏറ്റവും മികച്ച ശാസ്ത്രനിരയെ വാർത്തെടുക്കുമെന്നും പറഞ്ഞു. മികവുകൾ കൈവരിക്കാനുള്ള പരീക്ഷണശാലയായി ഏരിയ 2071നെ മാറ്റുമെന്നും വ്യക്തമാക്കി.