ഇന്ത്യയിലെ ഏറ്റവും വലിയ കോൾഡ്-പ്രസ്ഡ് ജ്യൂസ് കമ്പനിയായ റോ പ്രസേരി യുഎഇ വിപണയിലേക്ക്. ലുലു ഗ്രൂപ്പുമായി സഹകരിച്ചാണ് റോ പ്രസറി ഉൽപ്പന്നങ്ങൾ യുഎഇ വിപണിയിൽ എത്തിക്കുന്നത്.
നൂറു ശതമാനം പ്രകൃതിദത്തമായ, കൃത്രിമ ചേരുവകൾ ഒന്നുമില്ലാത്ത ജ്യൂസുകളാണ് റോ പ്രസറി വിപണിയിലെത്തിക്കുന്നത്. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ തയാറാക്കുന്ന ജ്യൂസുകൾ മൂന്നാഴ്ച വരെ കേടു കൂടാതെ സൂക്ഷിക്കാം. പൂജ്യം മുതൽ എട്ട് ഡിഗ്രി സെൽസ്യസ് വരെ താപനിലയിലാണ് ഈ ജ്യൂസ് സൂക്ഷിക്കുക.
ഓറഞ്ച്, പൈനാപ്പിൾ, മാതളനാരങ്ങ, മാങ്ങ, ആപ്പിൾ കരിമ്പ് തുടങ്ങി 27 രുചികളിൽ റോ പ്രസറി ഉൽപന്നങ്ങൾ ലഭ്യമാകും. 250 മില്ലി, ഒരു ലിറ്റർ ബോട്ടിലുകളിൽ ലഭിക്കുന്ന റോ പ്രസറി ജ്യൂസിന് പത്തു ദിർഹം മുതൽ 32 ദിർഹം വരെയായിരിക്കും നിരക്ക്. ജ്യൂസിനു പുറമേ സമീപ ഭാവിയിൽ വിവിധ തരം സൂപ്പുകളും നട് മിൽക്കും റോ പ്രസറി യുഎഇ വിപണിയിലെത്തിക്കും. റോ പ്രസറി ജ്യൂസുകളുടെ വിൽപനയ്ക്കായി പ്രത്യേക സംവിധാനങ്ങളാണ് ലുലു സൂപ്പർമാർക്കറ്റുകളിലും ഹൈപ്പർമാർക്കറ്റുകളിലും ഒരുക്കിയിരിക്കുന്നത്.