കുവൈത്തിലെ റോഡുകളിൽ ടോൾ ഏർപ്പെടുത്താൻ ആലോചന. അധികം വൈകാതെ തന്നെ ടോൾ സംവിധാനം പ്രാബല്യത്തിലാകുമെന്നാണ് സൂചനകൾ. റോഡുകളിലെ വാഹനത്തിരക്ക് കുറയ്ക്കാനും ഗതാഗത സംവിധാനം ശാസ്ത്രീയമായി പരിഷ്കരിക്കാനും ലക്ഷ്യമിട്ടാണ് ടോൾ സംവിധാനം പരിഗണിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട റോഡുകളിലായിരിക്കും ടോൾ ഏർപ്പെടുത്തുക. സാന്പത്തിക വരുമാനത്തേക്കാൾ ഗതാഗതക്കുരുക്ക് കുറയ്ക്കുകയാണ് ടോളിലൂടെ ലക്ഷ്യമിടുന്നത്. ടോൾ ഈടാക്കുന്ന റോഡുകൾക്ക് സമാന്തരമായി ബദൽ യാത്രാ സൗകര്യം ഏർപ്പെടുത്തും..
ടോൾ നൽകാതെ യാത്ര ചെയ്യേണ്ടവർക്ക് ആ വഴി സ്വീകരിക്കാം. നിർമാണം പൂർത്തിയാകുന്ന ഷെയ്ഖ് ജാബർ പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക് ടോൾ വേണമെന്ന് നേരത്തെ മുതൽ ആവശ്യം ഉയരുന്നുണ്ട്. സമാനമായ പാലങ്ങൾക്ക് അറബ് രാജ്യങ്ങളിലും യൂറോപ്യൻ രാജ്യങ്ങളിലും ടോൾ നിലവിലുണ്ട്. നിർമാണ ചെലവ് ഉൾപ്പെടെയുള്ള സാമ്പത്തികവശം കണക്കിലെടുത്താണ് പാലത്തിന് ടോൾ ഏർപ്പെടുത്തുന്നത്. പാലത്തിൻറെ അറ്റകുറ്റപ്പണികൾക്കും മറ്റുമായി വേണ്ടിവരുന്ന ഭീമമായ തുക കൂടി സംഭരിക്കുക എന്ന ലക്ഷ്യവും ടോൾ നിർദേശത്തിനു പിറകിലുണ്ട്.