കടലിലും ജലാശയങ്ങളിലും ഉല്ലാസയാത്രയ്ക്കും ജല കായിക വിനോദങ്ങള്‍ക്കുമായി സീ ദുബായ് പദ്ധതി വരുന്നു. ഫ്ളോട്ടിങ് റസ്റ്ററന്റുകള്‍, റസ്റ്റ് ഹൗസുകള്‍, ആധുനിക സൗകര്യങ്ങളുള്ള ഉല്ലാസബോട്ടുകള്‍ എന്നിവ ഇതോടനുബന്ധിച്ചുണ്ടാകും.
ദുബായിലെത്തുന്ന വിനോദ സഞ്ചാരികളെ ജല വിനോദങ്ങളിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ മാരിടൈം സിറ്റി അതോറിറ്റിയും ആര്‍ടിഎയും ചേര്‍ന്നാണ് പദ്ധതി യാഥാര്‍ഥ്യമാക്കുക. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകും പദ്ധതിയുടെ വിപുലീകരണം. ടൂറിസം മേഖലകളെ വാട്ടര്‍ബസ്, വാട്ടര്‍ടാക്സി ശൃംഖലകളുമായി ബന്ധിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്.
ജലവിനോദങ്ങള്‍ക്ക് വലിയ സാധ്യതയുള്ളതിനാല്‍ ഈ രംഗത്ത് കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിക്കാനും ആലോചിക്കുന്നുണ്ട്. ഇതോടെ കൂടുതല്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. ജലാശയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതികള്‍ക്ക് വിനോദ സഞ്ചാരികള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത ലഭിച്ചുവരുന്നുണ്ട്. വിശാലമായ തീരദേശമുള്ള ദുബായിക്ക് ഇക്കാര്യത്തില്‍ വന്‍മുന്നേറ്റം നടത്താനാകുമെന്നാണ് വിലയിരുത്തല്‍.