ഗതാഗത മേഖലയിലെ പരിഷ്കാരം ഫലംകണ്ടു, അബുദാബിയില്‍ ഗുരുതര വാഹനാപകടങ്ങള്‍ പകുതിയിലേറെ കുറഞ്ഞു. വലിയ ട്രക്ക് അപകടങ്ങള്‍ 58 ശതമാനവും പരുക്കേല്‍ക്കുന്നവരുടെ എണ്ണം 63 ശതമാനവുമാണ് കുറഞ്ഞത്.
എട്ടു മാസത്തിനിടെ 13 വലിയ ട്രക്ക് അപകടങ്ങളാണുണ്ടായത്. മുന്‍ വര്‍ഷം ഇത് 33 ആയിരുന്നു. പരുക്കേറ്റവരുടെ എണ്ണം 16ല്‍നിന്ന് ആറായി കുറഞ്ഞു. ചെറിയ അപകടങ്ങള്‍ 118ല്‍നിന്ന് ഇത്തവണ 54 ആയി. കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കുകയും പട്രോളിങ് ശക്തമാക്കുകയും ചെയ്തതാണ് അപകടവും മരണവും കുറയാന്‍ കാരണമെന്ന് ട്രാഫിക് ആന്‍ഡ് പട്രോള്‍ വിഭാഗം ഡയറക്ടര്‍ കേണല്‍ സാലിം അബ്ദുള്ള അല്‍ ധാഹിരി അറിയിച്ചു.
മഞ്ഞുവീഴ്ച, ശക്തമായ പൊടിക്കാറ്റ് തുടങ്ങിയ കാലാവസ്ഥാ മാറ്റം അനുസരിച്ച് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ഡ്രൈവര്‍മാരെ ബോധവല്‍കരിക്കുകയും ചെയ്തു. അമിത വേഗം, വാഹനങ്ങളെ മറികടക്കുക, കാലാവധിയുള്ള ടയറുകളാണെന്ന് ഉറപ്പുവരുത്തുക, വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധയുണ്ടാകണമെന്നും ഓര്‍മിപ്പിച്ചു. റോഡില്‍ വീഴാതിരിക്കത്തക്കവിധം സുരക്ഷിതമായിട്ടായിരിക്കണം ട്രക്കുകളില്‍ സാധനങ്ങള്‍ നിറക്കേണ്ടത്. ശേഷിയേക്കാള്‍ കൂടുതല്‍ ഭാരം നിറയ്ക്കുന്നത് ടയര്‍ പൊട്ടാനിടയാക്കുമെന്നും പൊലീസ് ചൂണ്ടിക്കാട്ടി.