പുള്ളിപ്പുലിയെ തഴുകിയും തലോടിയും ചങ്ങാത്തം കൂടി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നടക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. അദ്ദേഹത്തിന്റെ പത്നി ഹയാ രാജകുമാരി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച വിഡിയോ മണിക്കൂറുകൾക്കകം മുപ്പത്തയ്യായിരത്തിലേറെ പേർ ആസ്വദിച്ചു. നൂറുകണക്കിന് പേർ ഷെയ്ഖ് മുഹമ്മദിനെ പ്രകീർത്തിച്ച് കമന്റ് പോസ്റ്റ് ചെയ്തു.
ലോകത്തെ ഏറ്റവും വേഗമേറിയ മൃഗമായ പുള്ളിപ്പുലിയോടൊപ്പം വിജന മരുഭൂമിയിലൂടെ തൊട്ടുരുമ്മി നടക്കുന്നതും ഇരുവരും ഒരിടത്തിരിക്കുന്നതുമെല്ലാം വിഡിയോയിലുണ്ട്. പുള്ളിപ്പുലിയെ ഷെയ്ഖ് മുഹമ്മദ് അത്രമാത്രം ഇഷ്ടപ്പെടുന്നതായി കുറിപ്പിൽ വ്യക്തമാക്കുന്നു. വിശ്വാസം, ദൃഢബന്ധം എന്നീ വാക്കുകള്‍ അന്വർഥമാക്കുന്നതാണ് ഇരുവരും തമ്മിലുള്ള ഇൗ വിഡിയോ എന്ന് ഹയാ രാജകുമാരി പറയുന്നു.