ദുബായ് ഡ്രൈവിങ് ടെസ്റ്റിന്റെ ഭാഗമായുള്ള എഴുത്തു പരീക്ഷകള്‍ മലയാളം ഉള്‍പെടെ 192 ഭാഷകളില്‍ ലഭ്യമാക്കുന്നു. അറബിക്, ഇംഗ്ലീഷ് ഭാഷകള്‍ അറിയാത്തവര്‍ക്ക് സഹായകമാകുന്നതാണ് ആര്.ടി.എയുടെ പുതിയ തീരുമാനം.
സാങ്കേതിക വിദ്യയുടെ സംവിധാനം ഉപയോഗിച്ചുള്ള മൊഴിമാറ്റമാണ് ഏര്‍പ്പെടുത്തുന്നത്. സ്വന്തം ഭാഷയില്‍ കാര്യങ്ങള്‍ മനസിലാക്കാനും പരീക്ഷ എഴുതാനുമുള്ള അവസരം ഡ്രൈവിങ് പഠിക്കുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യും. നിലവില്‍ പത്തു ഭാഷകളിലായിരുന്നു സേവനം. ഈ സേവനം ആവശ്യമുള്ളവര്‍ ഒരാഴ്ച മുന്‍പ് 400 ദിര്‍ഹം ഫീസടച്ച് അപേക്ഷ സമര്‍പ്പിക്കണമെന്ന് ആര്.ടി.എ അറിയിച്ചു.
വിവിധ ഭാഷകള്‍ സംസാരിക്കുന്ന അപേക്ഷകരുടെ എണ്ണം കണക്കിലെടുത്താണ് കൂടുതല്‍ ഭാഷകള്‍ ഉള്‍പെടുത്തിയിരിക്കുന്നത്. ഇതോടകം 33 ഭാഷക്കാരായ മുന്നൂറ് പേര് പുതിയ സേവനം ആവശ്യപ്പെട്ട അപേക്ഷ നല്‍കിയതായും അധികൃതര്‍ വെളിപ്പെടുത്തി. മലയാളം, ഹിന്ദി, ഉര്‍ദു, തെലുങ്ക്, പഞ്ചാബി, പഷ്തു ഭാഷകളും ഇവയില്‍ ഉള്‍പെടും. അപേക്ഷകര്‍ക്ക് മാനസികാരോഗ്യ, ഭാഷാ പരീക്ഷകളും നിര്‍ബന്ധമാക്കിയിട്ടുണ്ട്.