ഗിന്നസ് ബുക്കിൽ ഒരുപാട് തവണ പേരെഴുതിച്ചിട്ടുള്ള ദുബായ് വീണ്ടും ലോകത്തെ ഞെട്ടിക്കാനൊരുങ്ങുന്നു. ഇത്തവണ ടാക്സി സർവീസ് മേഖലയിലാണ് പുതിയ പരീക്ഷണം. ലോകത്തിലാദ്യമായി ആകാശ ടാക്സി സംവിധാനമുള്ള നഗരമായി മാറാൻ തയ്യാറെടുക്കുകയാണ് ദുബായ്. ഡ്രോൺ ടാക്സി എന്നറിയപ്പെടുന്ന പദ്ധതിക്കായി പറക്കും ടാക്സികൾ നിർമിച്ചത് ജർമൻ കമ്പനിയായ വോളോകോപ്റ്ററാണ്. രണ്ടുപേർക്ക് ഇരിക്കാൻ കഴിയുന്നവിധത്തിൽ ഹെലികോപ്ടറിന്റെ ക്യാബിന്റെ മാതൃകയിൽ നിർമിച്ചിരിക്കുന്ന വാഹനത്തിനുമുകളിൽ പതിനെട്ട് പ്രൊപ്പല്ലറുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായുള്ള പരീക്ഷണപ്പറക്കലുകൾ വിജയകരമായിരുന്നു. ആളില്ലാപ്പറക്കലുകളാണ് ആദ്യഘട്ടത്തിൽ അരങ്ങേറിയത്. ഒരുതവണ ചാർജ് ചെയ്താൽ കുഞ്ഞൻ കോപ്ടറിന് തുടർച്ചയായി അരമണിക്കൂർ നേരം പറക്കാൻ കഴിയും. ബാക്കപ് ബാറ്ററികളും പാരച്യൂട്ടുകളുമടക്കം അപകടങ്ങളെ നേരിടാൻ വിപുലമായ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുമുണ്ട്. അധികം താമസമില്ലാതെ തന്നെ സർവീസ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Advertisement