സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന റഡാറുകള്‍ ചൊവ്വാഴ്ച മുതല്‍ അബുദാബിയില്‍ പ്രവര്‍ത്തന സജ്ജമാകും. നിയമം ലംഘിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാനായി എമിറേറ്റില്‍ 17 സൌരോര്‍ജ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.
വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിക്കാതെയും റോഡിന് ഇരുവശത്തുമുള്ള മഞ്ഞ വരയ്ക്ക് അപ്പുറത്ത് വാഹനം ഓടിക്കുന്നവരെയും പിടികൂടുകയാണ് സൌരോര്‍ജ ക്യാമറയുടെ ദൌത്യം. അല്മാഹാ റോഡില്‍നിന്ന് അല്അശൂശ് സ്ട്രീറ്റിലേക്കും തിരിച്ചുമുള്ള റോഡുകളില്‍ പുതിയ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. സീഹ് അല്‍ സിദ്ര, അല്‍ ഫലഖ് ഇന്റര്‍ചേഞ്ച് റോഡുകളുടെ ഇരുവശത്തും ക്യാമറകള്‍ മിഴിതുറന്നു. ഈ റോഡുകളില്‍ വര്‍ധിച്ചുവരുന്ന അപകടം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. അമിത വേഗത്തിലും അശ്രദ്ധയോടെയും വാഹനം ഓടിക്കുന്നവരെയും പിടികൂടും. മണിക്കൂറില്‍ 80 കിലോമീറ്ററിലധികം വേഗത്തില്‍ പോകുന്ന വലിയ വാഹനങ്ങളെയും 100 കിലോമീറ്ററിലധികം വേഗത്തില്‍ പോകുന്ന ചെറിയ വാഹനങ്ങളെയും പിടികൂടുമെന്ന് അബുദാബി പൊലീസിലെ സെന്‍ട്രല്‍ ഓപറേഷന്‍സ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അലി ഖല്ഫാന് അല്‍ ദാഹിരി പറഞ്ഞു.