സര്‍ക്കാര്‍ സേവനങ്ങളെല്ലാം ഓണ്‍ലൈനാക്കി ദുബായ് കൂടുതല്‍ സ്മാര്‍ട്ടാകാനൊരുങ്ങുന്നു. എ ഡേ വിത്തൗട്ട് സർവീസ് സെന്റേഴ്സ് എന്ന പദ്ധതിയിലൂടെയാണ് കൂടുതല്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് അരികിലെത്തിക്കുന്നത്.
സ്മാര്‍ട്ട് ഫോണുകളില്‍ ലഭ്യമാകുന്ന ദുബായ് നൗ ആപ് ഉൾപ്പെടെയുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇടപാടുകൾ പൂർത്തിയാക്കുന്ന പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. സംരംഭത്തിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. ഇതുസംബന്ധിച്ച് ഉപഭോക്തൃ സേവന കേന്ദ്രങ്ങൾ ബോധവൽകരണ പരിപാടികൾ നടത്തും. ഒക്ടോബർ 26ന് പതിവുപോലെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുമെങ്കിലും സേവനം ഓണ്‍ലൈന്‍ വഴി മാത്രമായിരിക്കും.
എല്ലാ വർഷവും എ ഡേ വിത്തൗട്ട് സർവീസ് സെന്റേഴ്സ് ആചരിക്കാനും പദ്ധതിയുണ്ട്. മറ്റു സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് ദുബായ് സാമ്പത്തിക വകുപ്പാണ് പദ്ധതി ആരംഭിച്ചത്. ദുബായിയെ ലോകോത്തര സ്മാർട് നഗരമാക്കുകയെന്ന ലക്ഷ്യത്തോടെ ഷെയ്ഖ് മുഹമ്മദ് ആരംഭിച്ച പദ്ധതിയോടു ചേർന്നാണു നടപടി.