സ്വകാര്യ ഏജൻസികൾ വഴി കുവൈത്തിലേക്ക് നഴ്സിങ് റിക്രൂട്ട്മെൻറ് നടത്താമെന്ന് കേന്ദ്രസർക്കാർ. നോർക്ക അടക്കമുള്ള സർക്കാർ ഏജൻസികൾ വഴി മാത്രമേ റിക്രൂട്ട്മെൻറ് നടത്താവൂ എന്ന നിബന്ധന എടുത്തുകളഞ്ഞു.
നോർക, ഒഡാപെക്, ഓവർസീസ് മാൻപവർ കോർപറേഷൻ തുടങ്ങി ആറ് സർക്കാർ ഏജൻസികൾ മുഖേനയായിരുന്നു കഴിഞ്ഞ ഒരു വർഷത്തോളമായി കുവൈത്തിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്തിരുന്നത്. സ്വകാര്യ ഏജൻസികൾ ഉദ്യോഗാർഥികളെ ചൂഷണം ചെയ്യുന്നുവെന്നും വൻ തുക കോഴ വാങ്ങുന്നുവെന്നുമുള്ള ആരോപണങ്ങളെ തുടർന്നാണ് റിക്രൂട്ട്മെൻറ് സർക്കാർ ഏജൻസികൾ വഴിയാക്കിയത്. എന്നാൽ പുതിയ ഉത്തരവ് അനുസരിച്ച് സ്വകാര്യ ഏജൻസികൾ വഴിയും ഇനി മുതൽ റിക്രൂട്മെൻറ് നടത്താം. ആറ് ഏജൻസികളെ മാത്രം ചുമതലപ്പെടുത്തിയത് രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഉദ്യോഗാർഥികൾക്ക് അവസരം നിഷേധിക്കാൻ ഇടയാകുമെന്നും മറ്റും കാണിച്ച് സ്വകാര്യ ഏജൻസികൾ കോടതിയെ സമീപിച്ചിരുന്നു. ഈ വിധിയിൽ ഡൽഹി ഹൈക്കോടതി സ്വകാര്യ ഏജൻസികൾക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു. ഇതേ തുടർന്നാണ് കേന്ദ്രസർക്കാരിൻറെ പുതിയ നിർദേശം.