സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരെ പിടികൂടാനുള്ള നിരീക്ഷണം അബുദാബി പൊലീസ് ശക്തമാക്കുന്നു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ നടത്തിയ നിരീക്ഷണത്തില്‍ 2394 നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്.
സുരക്ഷിത യാത്രയ്ക്കുള്ള രക്ഷാവലയമായ സീറ്റ് ബെല്‍റ്റ് ധരിച്ചാല്‍ അപകട മരണം 75 ശതമാനം വരെ കുറയ്ക്കാനാകുമെന്ന് പൊലീസ് സൂചിപ്പിച്ചു. പരിഷ്കരിച്ച ഗതാഗത നിയമം അനുസരിച്ച് വാഹനത്തിലെ യാത്രക്കാര്‍ക്കെല്ലാം സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണ്. നിയമം ലംഘകര്‍ക്ക് ആളൊന്നിന് 400 ദിര്‍ഹം പിഴയും നാലു ബ്ലാക്ക് മാര്‍ക്കുമാണ് ശിക്ഷ. വാഹനത്തിലെ ഏതെങ്കിലും ഒരു യാത്രക്കാരന് സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നാല്‍ ഡ്രൈവറാണ് പിഴ അടയ്ക്കേണ്ടത്. ഡ്രൈവറുടെ ലൈസന്‍സില്‍ നാലു ബ്ലാക്ക് മാര്‍ക്കും പതിയും. ഒരു വാഹനത്തില്‍ പരിധിയില്‍ കൂടുതല്‍ ആളുകള്‍ സഞ്ചരിക്കുന്നത് തടയാനും ഇതുവഴി സാധിക്കുമെന്നതാണ് മറ്റൊരു നേട്ടം. വാഹനങ്ങള്‍ കൂട്ടിയിടിക്കുമ്പോള്‍ ഡ്രൈവറും യാത്രക്കാരും പുറത്തേക്ക് തെറിച്ചു വീഴാതിരിക്കാനും സീറ്റ് ബെല്‍റ്റ് സഹായകമാണ്.