ദുബായിലെ അതിവേഗ പാതകളുടെ വേഗപരിധി കുറയ്ക്കുന്നു. മണിക്കൂറില്‍ 110 കിലോമീറ്ററാണ് പുതിയ വേഗപരിധി. ഓക്ടോബര്‍ 15 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെയും എമിറേറ്റ്സ് റോഡിലെയും വേഗപരിധിയാണ് കുറച്ചത്. നിലവില്‍ മണിക്കൂറില്‍ 120 കിലോമീറ്ററാണ് വേഗപരിധി. ഒക്ടോബർ 15 മുതൽ ഇത് മണിക്കൂറില്‍ 110 കിലോമീറ്ററാക്കി കുറച്ചതായി ആര്‍ടിഎ അറിയിച്ചു. അപകടം കുറച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഈ റോഡുകളില്‍ മുന്‍ വര്‍ഷങ്ങളിലുണ്ടായ അപകടനിരക്ക് പഠനവിധേയമാക്കിയപ്പോള്‍ 60 ശതമാനം അപകടങ്ങള്‍ക്കും കാരണം അമിത വേഗമാണെന്ന് കണ്ടെത്തിയിരുന്നു. ഈ വര്‍ഷം ആറു മാസത്തിനിടെ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലുണ്ടായ 99 അപകടങ്ങളില്‍ ആറു പേര് മരിക്കുകയും 78 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞവര്‍ഷം 196 അപകടങ്ങളില്‍ 33 പേര്‍ക്കാണ് ജീവന് നഷ്ടമായത്. എമിറേറ്റ്സ് റോഡില്‍ ആദ്യ ആറു മാസത്തിനിടെ 40 അപകടങ്ങളില്‍ പത്തു പേര് മരിച്ചു. കഴിഞ്ഞവര്‍ഷം 29 പേര് മരിച്ചിരുന്നു. വലിയ വാഹനങ്ങളുടെ ബാഹുല്യവും ഇരു റോഡുകളിലും അപകട നിരക്ക് ഉയര്‍ത്തുന്നതായി കണ്ടെത്തിയിരുന്നു. വേഗം കുറയ്ക്കുന്നതോടെ അപകടനിരക്ക് പിടിച്ചു നിര്‍ത്താനാകുമെന്നാണ് ആര്‍ടിഎയുടെ വിലയിരുത്തല്‍.