കരയിലും കടലിലും വിസ്മയ കെട്ടിടങ്ങൾ തീർത്ത ദുബായ് കടലിനടിയിലും ആഡംബരക്കൊട്ടാരം നിർമിക്കുന്നു. ലോകത്തിലെ ആദ്യ അണ്ടർവാട്ടർ ലക്‌ഷ്വറി വെസൽ റിസോർട്ടാണു കരയിൽനിന്നു നാലുകിലോമീറ്റർ അകലെ കടലിൽ തീർത്ത കൃത്രിമ ദ്വീപായ വേൾഡ് ഐലൻഡ്സിൽ ഒരുക്കുന്നത്.
മധ്യപൂർവദേശത്തിനു വെനീസ് അനുഭവം പകരുകയാണു ലക്ഷ്യം. ദിവസം 3000 അതിഥികൾക്കു ബോട്ടിലും സീപ്ലെയ്നിലും ഹെലികോപ്റ്ററിലും മറ്റും റിസോർട്ടിലെത്താം. താമസസൗകര്യം, റസ്റ്ററന്റുകൾ, വിനോദ കേന്ദ്രങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന നാലിലേറെ ഡെക്കുകൾ ഉല്ലാസനൗക മാതൃകയിലുള്ള ആഡംബര സൗധത്തിലുണ്ടാകും. ഇതിൽ ഒരെണ്ണം കടലിനടിയിലാണ്. നാല് ഡെക്കുകളിലായി 414 കാബിനുകൾ. ജലത്തിനടിയിലുള്ള ഡെക്കിലെ കാബിനുകളിലൂടെ പവിഴപ്പുറ്റുകൾ കാണാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
കടലിൽ പൊങ്ങിക്കിടക്കുന്ന രീതിയിൽ ബീച്ചുകളും സജ്ജമാക്കും. കടൽതട്ടിലെ ജീവിതം ദൃശ്യമാകുന്ന റസ്റ്ററന്റുകൾ, ലോകത്തിലെ ആദ്യത്തെ കടലിനടിയിലെ സ്പാ തുടങ്ങിയവയും ആരംഭിക്കും. വെനീസിൽനിന്ന് ഇറക്കുമതി ചെയ്ത ഗോണ്ടോള വഞ്ചികളാണു ദ്വീപിലെ തോടുകളിൽ ഗതാഗതത്തിന് ഉപയോഗിക്കുക. അടുത്തവർഷം നിർമാണം തുടങ്ങി 2020 അവസാനത്തോടെ പൂർത്തിയാക്കാനാണു പദ്ധതി.