ഷാർജ :വ്യവസായ മേഖലകളിൽ പാർക്ക് ചെയ്ത കാറുകളിൽ നിന്ന് വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കുന്ന രണ്ട് പേരെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. കാറുകളുടെ ചില്ല് തകർത്താണ് മോഷണമെന്ന് വ്യവസായ മേഖല പൊലീസ് ഡയറക്ടർ ലഫ്.കേണൽ അബ്ദുല്ല അലായ് അൽ നഖ്ബി പറഞ്ഞു.
പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് മേഖല നിരീക്ഷിച്ചുവരികയായിരുന്നു. പ്രതികളിലൊരാൾ ഒരു കാറിന്റെ ചില്ല് തകർക്കാൻ ശ്രമിക്കുമ്പോൾ ഇയാളെ കയ്യോടെ പിടികൂടുകയും ആയുധങ്ങൾ കണ്ടെടുക്കുകയും ചെയ്തു. ഇയാളിൽ നിന്ന് ലഭിച്ച വിവരമനുസരിച്ചായിരുന്നു രണ്ടാമനെ പിടികൂടിയത്. വിജന പ്രദേശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ വിലകൂടിയ വസ്തുക്കൾ അതിൽ വയ്ക്കരുതെന്ന് പൊലീസ് നിർദേശിച്ചു.