ബഹിരാകാശ മേഖലയിലെ നൂതന ശാസ്ത്രവിശേഷങ്ങള് പങ്കുവയ്ക്കുന്ന രാജ്യാന്തര ജ്യോതിശാസ്ത്ര കോണ്‍ഗ്രസിന് ദുബായ് വേദിയായേക്കും. അടുത്ത മാസം ഓസ്ട്രേലിയയില്‍ നടക്കുന്ന എഴുപതാമത് രാജ്യാന്തര ജ്യോതിശാസ്ത്ര കോണ്‍ഗ്രസില്‍ ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം ഉണ്ടായേക്കും.
ബഹിരാകാശ പേടകങ്ങളുടെയും റോക്കറ്റുകളുടെയും രൂപകല്പന, പരീക്ഷണം, സാങ്കേതിക ഘട്ടങ്ങള്‍, റോക്കറ്റ് പ്രൊപ്പല്‍ഷന്‍ തുടങ്ങിയവയെ കുറിച്ചുള്ള പുതിയ ഗവേഷണ വിവരങ്ങളും കണ്ടുപിടുത്തങ്ങളുമെല്ലാം പങ്കുവയ്ക്കുന്ന ലോകവേദിയാണ് രാജ്യാന്തര ജ്യോതിശാസ്ത്ര കോണ്‍ഗ്രസ്. 2020ല്‍ നടക്കുന്ന എഴുപത്തിയൊന്നാം ജ്യോതിശാസ്ത്ര കോണ്‍ഗ്രസിന് ആതിഥ്യമരുളുന്നതിനുള്ള അപേക്ഷ ഇന്റര്‍നാഷനല്‍ അസ്ട്രോനോട്ടിക്കല്‍ ഫെഡറേഷന് യുഎഇ കൈമാറിയിട്ടുണ്ട്. മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററിന്റെ മേല്‍നോട്ടത്തിലായിരിക്കും ദുബായില്‍ ജ്യോതിശാസ്ത്ര കോണ്‍ഗ്രസ് നടക്കുക. അറബ് മേഖലയില്‍ ഇതുവരെ രാജ്യാന്തര ജ്യോതിശാസ്ത്ര കോണ്‍ഗ്രസ് നടന്നിട്ടില്ല എന്നുള്ളതും വേദിയാകുന്നതിനുള്ള മികച്ച സൗകര്യങ്ങളും ദുബായുടെ സാധ്യതകള്‍ വര്ധിപ്പിക്കുന്നുു. ബഹിരാകാശ ഗവേഷണത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഏറെ ദൂരം മുന്നോട്ട് പോകാനും യുഎഇയ്ക്ക് കഴിഞ്ഞിട്ടുണ്ട്. യുഎഇയുടെ ചൊവ്വാ പര്യവേഷണമായ അല്‍ അമല്‍ 2021ല്‍ നടപ്പാക്കും. ഇതിനു പുറമേ 2117ല്‍ ചൊവ്വയില്‍ കോളനി സ്ഥാപിക്കുന്നതിനുള്ള പദ്ധതികളും യുഎഇ ആരംഭിച്ചു കഴിഞ്ഞു.