റിയാദ് ∙ സൗദി അറേബ്യയിൽ കാൽപന്തുകളിയിലെ മുൻകാല താരമായിരുന്ന ഹുസൈൻ മബ്റൂക്ക് അൽ ഹർബി കടം വാങ്ങിയ പണം തിരികെ നൽകാൻ വഴിയില്ലാതെ തന്റെ വൃക്ക വിൽപനയ്ക്കു വച്ചു. അൽ ഇത്തിഹാദ് ക്ലബ്ബിന്റെ പ്രതിരോധനിരയിൽ ഏറെക്കാലം കരുത്തുറ്റ സാന്നിധ്യമായിരുന്ന ഹുസൈൻ മബ്റൂക്ക് അൽ ഹർബി, ‘പലരോടായി കടം വാങ്ങിയ പണം കൊടുത്തുതീർക്കാനുണ്ട്. കുടുംബം പോറ്റാനും പാടുപെടുകയാണ്.
എന്റെ വൃക്ക വിൽക്കാൻ തീരുമാനിച്ചിരിക്കുന്നു. ആവശ്യമുള്ളവർ വിളിക്കുക’ എന്ന സന്ദേശം ട്വിറ്ററിൽ പങ്കുവയ്ക്കുകയായിരുന്നു. മബ്റൂക്കിന്റെ ട്വീറ്റ് സൗദിയിലെ ഫുട്ബോൾ ആരാധകരിൽ നിരാശ പടർത്തി. പ്രമുഖ കായികതാരങ്ങളും മബ്റൂക്കിന്റെ സഹകളിക്കാരും അദ്ദേഹത്തെ സഹായിക്കാൻ സൗദി ഫുട്ബോൾ ഫെഡറേഷൻ മുന്നോട്ടുവരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.