തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് നിര്‍ബന്ധമായും കുടിവെള്ളവും വിശ്രമ സൗകര്യങ്ങളും ഒരുക്കിയിരിക്കണമെന്ന് യുഎഇ തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം. വീഴ്ച വരുത്തുന്ന തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
യുഎഇയില്‍ കടുത്ത ചൂട് അനുഭവപ്പെടുന്നതിനാല്‍ അടുത്തമാസം 15 വരെ തുറസായ സ്ഥലങ്ങളില്‍ ഉച്ചസമയത്ത് തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നത് തൊഴില്‍ മന്ത്രാലയം വിലക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് 1230 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് ഉച്ച വിശ്രമം. ഉച്ചവിശ്രമ നിയമം കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് എല്ലാ കന്പനികളും ഉറപ്പാക്കണമെന്ന് തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചു. ഇതിനു പുറമേ തൊഴിലിടങ്ങളില്‍ തണുത്ത കുടിവെള്ളം ഉറപ്പാക്കണം. തൊഴിലാളികള്‍ക്ക് വിശ്രമിക്കുന്നതിന് ചൂടേല്ക്കാത്ത തരത്തില്‍ വിശ്രമകേന്ദ്രങ്ങള്‍ ഒരുക്കുകയും വേണം. നിര്‍ജലീകരണം തടയുന്നതിനു മറ്റുമുള്ള പോഷകങ്ങള്‍ തൊഴിലാളികള്‍ക്ക് നല്‍കുന്നതിനുള്ള സൗകര്യങ്ങളുണ്ടാകണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
ഈ വര്‍ഷം ഇതുവരെ നൂറ്റന്പതോളം കന്പനികള്‍ ഉച്ചവിശ്രമ നിയമം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഒരു തൊഴിലാളിക്ക് അയ്യായിരം ദിര്‍ഹം എന്ന തോതിലാണ് ഉച്ചവിശ്രമ നിയമം ലംഘിച്ചാല്‍ പിഴ ഈടാക്കുക. തൊഴിലാളികളുടെ ജോലി സമയം എട്ടു മണിക്കൂറായി നിജപ്പെടുത്തണമെന്നും അധികസമയം ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ വേതനം നല്‍കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.