ഹജ്ജ് തീര്‍ഥാടകരുടെ യാത്രാനടപടികള്‍ കൂടുതല്‍ എളുപ്പമാക്കാനുള്ള പദ്ധതിയുമായി സൗദി പാസ്പോര്‍ട്ട് വിഭാഗം. തീര്‍ഥാടകര്‍ സൗദിയിലേക്ക് വിമാനം കയറുന്നതിനു മുമ്പ് തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതാണ് പുതിയ സംവിധാനം. സൗദി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ കേന്ദ്രങ്ങളിലെ നടപടി ക്രമങ്ങള്‍ സ്വന്തം രാജ്യത്ത് വച്ച് തന്നെ തീര്‍ഥാടകര്‍ക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന തരത്തിലാണ് പുതിയ സംവിധാനം.
ഇതനുസരിച്ച് തീര്‍ഥാടകരുടെ പേരും മറ്റ് വിശദാംശങ്ങളും, പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍, വിരലടയാളം, ഫോട്ടോ എന്നിവ യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ സ്വീകരിച്ച് സൗദി പാസ്പോര്‍ട്ട് വകുപ്പിന്റെ ഓണ്‍ലൈന്‍ സംവിധാനത്തില്‍ അപ്ഡേറ്റ് ചെയ്യും. സൗദിയില്‍ വിമാനമിറങ്ങുന്ന തീര്‍ഥാടകരുടെ പേരുവിവരങ്ങളും പാസ്പോര്‍ട്ടിലെ വിശദാംശങ്ങളും ഒത്തു നോക്കുക മാത്രമായിരിക്കും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ചെയ്യുക.
അതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി തീര്‍ഥാടകര്‍ക്ക് പുറത്തു പോകാന്‍ സാധിക്കും. മലേഷ്യയില്‍ നിന്നെത്തിയ തീര്‍ഥാടകര്‍ക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ സേവനം നല്‍കിയത്. പുതിയ സംവിധാനം വഴി വലിയ മാറ്റമാണുണ്ടാകുന്നതെന്നും വരും വര്‍ഷങ്ങളില്‍ മറ്റു രാജ്യങ്ങളിലെ തീര്‍ഥാടകര്‍ക്കും ഘട്ടം ഘട്ടമായി ഈ സേവനം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.