വിദേശികള്‍ക്ക് സ്ഥിരം റസിഡന്‍സി കാര്‍ഡ് നല്‍കുന്നതിന് ഖത്തര്‍ മന്ത്രിസഭയുടെ അനുമതി. വ്യവസ്ഥകള്‍ക്ക് വിധേയമായി ആഭ്യന്തരമന്ത്രാലയം ആയിരിക്കും സ്ഥിരം റസിഡന്‍സി കാര്‍ഡുകള്‍ അനുവദിക്കുക.
രാജ്യത്തിന് വിലമതിക്കാനാകാത്ത സംഭാവനകള്‍ നല്കിയ പ്രവാസികള്‍ക്കാണ് ഖത്തറില്‍ സ്ഥിരതാമസത്തിനു അനുമതി നല്കുന്ന പെര്‍മനന്റ് റസിഡന്‍സി കാര്‍ഡ് അനുവദിക്കുക. ഖത്തര്‍ ആഭ്യന്തരമന്ത്രിയാണ് സ്ഥിരം റസിഡന്‍സി കാര്‍ഡ് നല്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. വിദേശിയെ വിവാഹം ചെയ്ത ഖത്തരി സ്ത്രീകളുടെ മക്കള്‍ക്കും സ്ഥിരം റസിഡന്‍സി കാര്‍ഡിന് അര്‍ഹതയുണ്ടാകും. വിദ്യാഭ്യാസം, ചികില്‍സ തുടങ്ങിയ കാര്യങ്ങള്‍ ഖത്തര്‍ പൗരന്മാര്ക്ക് ലഭിക്കുന്ന അതേ പരിഗണന തന്നെ സ്ഥിരം റസിഡന്‍സി കാര്‍ഡുള്ളവര്‍ക്കും ലഭിക്കും. സിവില്‍, സൈനിക ജോലികളില്‍ ഖത്തരികള്‍ കഴിഞ്ഞാല്‍ ഇവരെയായിരിക്കും പരിഗണിക്കുക. റസിഡന്‍സി കാര്‍ഡുള്ളവര്‍ക്ക് സ്വന്തമായി സ്വത്തുക്കള്‍ വാങ്ങുന്നതിനും ബിസിനസുകള്‍ ആരംഭിക്കുന്നതിനും അനുമതിയുണ്ട്.
സ്ഥിരം റസിഡന്‍സി കാര്‍ഡിനുള്ള അപേക്ഷകള്‍ പരിഗണിച്ച് തീരുമാനമെടുക്കാന്‍ ആഭ്യന്തരമന്ത്രാലയം ഒരു സമിതിക്ക് രൂപം നല്‍കും. പെര്‍മനന്റ് റെസിഡന്‍സ് ഐഡി ഗ്രാന്റിങ് കമ്മിറ്റി എന്ന ഈ സമിതി അപേക്ഷകള്‍ പരിശോധിച്ച് നല്കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരിക്കും ആഭ്യന്തരമന്ത്രി തീരുമാനം എടുക്കുക. ഇതാദ്യമായാണ് ഒരു ഗള്‍ഫ് രാജ്യം വിദേശികള്‍ക്ക് സ്ഥിരം റസിഡന്റ് പെര്‍മിറ്റ് അനുവദിക്കുന്നത്.