യുഎഇയില്‍ പത്തുമിനിറ്റ് കൊണ്ട് വീസാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ഇ-ചാനല്‍ സംവിധാനം ആരംഭിച്ചു. എന്‍ട്രി പെര്‍മിറ്റ്, താമസ വീസ നടപടിക്രമങ്ങള്‍ തുടങ്ങിയവ അതിവേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പുതിയ സേവനത്തിലൂടെ സാധിക്കും.
വീസ ലഭിക്കുന്നതിന് സേവന കേന്ദ്രങ്ങളില്‍ പോകാതെ അപേക്ഷകര്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നതാണ് പുതിയ സംവിധാനം. അപേക്ഷ നല്കി പത്തു മിനിറ്റിനകം മറുപടി ലഭിക്കും. അപേക്ഷകന്റെ വിവരങ്ങള്‍ ടൈപ്പ് ചെയ്യാനെടുക്കുന്ന സമയത്തെ ആശ്രയിച്ചായിരിക്കും ഇത്. ഔദ്യോഗിക രേഖകളുടെ സാധുതയും വിരലടയാടങ്ങളും പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഓരോ ഘട്ടത്തിലുമുള്ള നടപടികള്‍ പൂര്ത്തിയാക്കുകയെന്ന് താമസകുടിയേറ്റ വകുപ്പ് അറിയിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഈ വിവരങ്ങള്‍ ഇലക്ട്രോണിക് ശൃംഖല വഴി കൈമാറും. ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാകും പ്രവര്‍ത്തനം. ജിസിസി പൗരന്മാര്ക്കും താമസക്കാര്‍ക്കും വിവിധ സ്ഥാപനങ്ങള്‍ക്കും വീസാ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഇതുവഴി സാധിക്കും. തഹലുഫ് അല്‍ ഇമറാത്ത് ടെക്നിക്കല്‍ സൊല്യൂഷന്‍സുമായി സഹകരിച്ചാണ് എമിഗ്രേഷന്‍ വിഭാഗം ഈ സ്മാര്‍ട് സംവിധാനം വികസിപ്പിച്ചത്.