ദുബായില്‍ പഴയ ട്രക്കുകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ആര്‍ടിഎ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നു. 20 വര്‍ഷം പഴക്കമുള്ള ട്രക്കുകളില്‍ ടെലിമാറ്റിക് ഡിവൈസ് സ്ഥാപിച്ചാണ് 24 മണിക്കൂറും നിരീക്ഷിക്കുന്നത്. റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായുള്ള നടപടി ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.
അമിത വേഗം, പെട്ടന്ന് ബ്രേക്കിടുക, അപകടം തുടങ്ങി ഡ്രൈവര്‍ വാഹനത്തില്‍ കയറുന്നത് മുതല്‍ ഇറങ്ങുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും നിരീക്ഷിക്കുന്ന സംവിധാനമാണിത്. നിരോധിത സമയങ്ങളിലും സ്ഥലങ്ങളിലും വാഹനമോടിക്കുന്നതും ഇതുവഴി കണ്ടെത്താനാവും. തുടക്കത്തില്‍ 17,000 ട്രക്കുകളിലാണ് സ്ഥാപിക്കുക. രണ്ടാം ഘട്ടത്തില്‍ ദുബായില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ഹെവി വാഹനങ്ങളിലും ഇത് സജ്ജമാക്കും. വാഹന രജിസ്ട്രേഷന് പുതുക്കുമ്പോഴോ പുതിയ ലൈസന്‍സ് എടുക്കുമ്പോഴോ നിരീക്ഷണ സംവിധാനം സ്ഥാപിക്കണം. ഇതിന് സാധിക്കാത്ത വാഹനങ്ങളുടെ അടുത്തെത്തി സ്ഥാപിക്കുമെന്നും ആര്‍ടിഎ അറിയിച്ചു. വാര്‍ഷിക വരിസംഖ്യയായ 500 ദിര്‍ഹമടക്കം 1620 ദിര്‍ഹമാണ് നിരക്ക്. ഇത് അതത് ട്രാന്‍പോര്‍ട്ടിങ് കമ്പനി വഹിക്കണം. അപേക്ഷാ ഫോറം ആര്‍ടിഎയുടെ വെബ്സൈറ്റില്‍ ലഭിക്കും. വിവരങ്ങള്‍ക്ക് ജബല്‍അലി ഫ്രീസോണിലെ വെഹിക്കിള്‍സ് സെയ്ഫ്റ്റി സര്‍വീസ് സെന്ററുമായി നേരിട്ടോ, ഉപഭോക്തൃ സേവന വിഭാഗത്തിന്റെ 600 56000 ഫോണ്‍ നമ്പറിലോ vss.support@dt.ae ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.