ദോഫാർ ഗവർണറേറ്റിൽ സലാലക്ക് സമീപം ഖത്ബീത്തിൽ ഉണ്ടായ വാഹനാപകടത്തിൽ എട്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരുക്കേറ്റതായും റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി. ടാക്സി കാർ എതിർ ദിശയിൽ വന്ന വാഹനവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഖത്ബീത്തിൽ നിന്ന് മഖ്ശാനിലേക്ക് പുറപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത്.
ഞായറാഴ്ച രാത്രി 11.30ന് സംഭവിച്ച അപകടത്തിൽ മരിച്ചവരിൽ അഞ്ച് പേരും സ്വദേശികളാണ്. ടാക്സിയിൽ അഞ്ച് പേരും എതിർദിശയിൽ വന്ന വാഹനത്തിലെ നാല് പേരുമാണുണ്ടായിരുന്നതെന്ന് പോലീസ് വക്താവ് പറഞ്ഞു. അപകടത്തിൽ പരുക്കേറ്റവരെ മഖ്ശാൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹം സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.