ഷാർജ: ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് ഇന്ത്യക്കാരന് ഗുരുതര പരുക്ക്. കെ.ശ്രീകുമാർ(36) എന്നയാള്‍ക്കാണ് പരുക്കേറ്റതെന്നും ഇയാളെ അൽ ഖാസിമി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു.
ശ്രീകുമാർ മലയാളിയാണെന്ന് സംശയിക്കുന്നു. ദുബായിലെ മെയിൻ്റനൻസ് കമ്പനിയിലെ ജീവനക്കാരനായ ശ്രീകുമാർ ഖാലിദ് തുറമുഖത്തിനടുത്തെ കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടത്തുമ്പോഴായിരുന്നു അപകടം. ലിഫ്റ്റിനടുത്ത് ജോലി ചെയ്യുകയായിരുന്ന ശ്രീകുമാർ തലയടിച്ച് തറയിലേയ്ക്ക് വീഴുകയായിരുന്നു. തലയ്ക്കാണ് സാരമായ പരുക്കേറ്റത്. ജോലി സ്ഥലത്ത് മതിയായ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നു.