മസ്കത്ത്: ഒമാനിലെ സലാലക്ക് സമീപം മർമൂലിൽ വാഹനം ഒട്ടകവുമായി ഇടിച്ചുണ്ടായ അപകടത്തിൽ കോഴിക്കോട് കുറ്റ്യാടി നിട്ടുർ സ്വദേശി മരിച്ചു. പരേതനായ പൊയിൽ കുഞ്ഞബ്ദുല്ല ഹാജിയുടെ മകൻ ആലി പൊയിൽ (50) ആണ് ചൊവ്വാഴ്ച രാത്രിയിലുണ്ടായ അപകടത്തിൽ നിര്യാതനായത്. ആലി ജോലി ചെയ്തിരുന്ന ബേക്കറിയിലെ ഡെലിവറി വാഹനത്തിൽ മടങ്ങി വരുന്നതിനിടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന ഒട്ടകത്തെ ഇടിക്കുകയായിരുന്നു. റോഡിന്റെ ഒരു വശത്തേക്ക് മറിഞ്ഞുവീണ വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നിരുന്നു.
റോയൽ ഒമാൻ പോലീസ് എത്തി രക്ഷാ പ്രവർത്തനം നടത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ സാധിച്ചില്ല. രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. മൃതദേഹം സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ വ്യക്തമാക്കി.
ഭാര്യ റോസിന, ഡിഗ്രി വിദ്യാർഥി ആസിഫ, പത്താം ക്ലാസ് വിദ്യാർഥി ഹിബ ഫാത്തിമ, അഞ്ചാം ക്ലാസ് വിദ്യാർഥി നസ്റീന മറിയംവി എന്നിവർ മക്കളാണ്. മാതാവ് പരേതയായ പൊയിൽ മറിയം. അന്ത്രു, സൂപ്പി, മൂസ, ഇബ്റാഹിം, സാറ എന്നിവർ സഹോദരങ്ങളാണ്.