ഖത്തര്‍ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി തുര്‍ക്കി പ്രസിഡന്റ് തയിപ് എര്ദോഗന് ഗള്‍ഫിലെത്തി. ജിദ്ദിില് സൗദി രാജാവുമായി കൂടിക്കാഴ്ച നടത്തിയ തുര്‍ക്കി പ്രസിഡന്റ് കുവൈത്ത് അമീറുമായും ചര്‍ച്ച നടത്തും.
കുവൈത്ത് അമീറിനും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിക്കും പിന്നാലെയാണ് ഖത്തര്‍ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളുമായി തുര്‍ക്കി പ്രസിഡന്റ് തയിപ് എര്ദോഗന് ഗള്‍ഫിലെത്തുന്നത്. ഇസ്്ലാമിക രാജ്യങ്ങള്‍ സഹകരണ മനോഭാവത്തോടെ ഒന്നിച്ചു നില്‍ക്കേണ്ടത് അത്യാവശ്യമാണെന്ന് എര്ദോഗന് പറഞ്ഞു. മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി സൗദിയിലെത്തിയ എര്ദോഗന്, ജിദ്ദയില്‍ സൗദി ഭരണാധികാരി സല്മാന് രാജാവുമായി നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തു. പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കുന്ന കുവൈത്ത് അമീറുമായി എര്ദോഗന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിനു ശേഷം ഖത്തറിലെത്തുന്ന തുര്‍ക്കി പ്രസിഡന്റ് ഖത്തര്‍ അമീറുമായും ചര്‍ച്ചകള്‍ നടത്തും. ഖത്തറില്‍ സൈനിക താവളമുള്ള തുര്‍ക്കിയെ സംബന്ധിച്ച് പ്രതിസന്ധി പരിഹരിക്കേണ്ടത് അത്യാന്താപേക്ഷിതമാണ്.
ഖത്തറുമായുള്ള ഉഭയകക്ഷി ബന്ധം പുനസ്ഥാപിക്കുന്നതിന് തുര്‍ക്കിയുടെ ഖത്തറിലെ സൈനികതാവളം അടയ്ക്കണമെന്ന ആവശ്യവും സൗദിയുടെ നേതൃത്വത്തിലുള്ള രാജ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ എര്‍ദോഗന്റെ ഗള്‍ഫ് സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യം കല്പിക്കപ്പെടുന്നു. നേരത്തെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്സ് ടിലേഴ്സന്‍ ഒരാഴ്ചയോളം ഗള്‍ഫില്‍ തങ്ങി മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഈ ചര്‍ച്ചകള്‍ ഫലം കണ്ടില്ല.