അപകടകരമായി വാഹനമോടിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് പൊലീസിനെ വിവരം അറിയിക്കണമെന്ന് ദുബായ് പൊലീസ്. ഈ മാസം നിലവില്‍ വന്ന പുതിയ ഗതാഗത നിയമത്തിന്റെ ഭാഗമായാണ് ഈ സൗകര്യം.
അമിതവേഗത്തില്‍ വേഗത്തില്‍ വാഹനമോടിക്കുക, തൊട്ടുമുന്നിലുള്ള വാഹനവുമായി നിശ്ചിത ദൂരം പാലിക്കാതെയുള്ള ഡ്രൈവിങ്, അപകടകരമായ ലൈന്‍ മാറ്റങ്ങള്‍ തുടങ്ങിയ നിയമലംഘനങ്ങളാണ് ഇനി മുതല്‍ പൊതുജനങ്ങള്‍ക്കും റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കുക. നിയമം ലംഘിച്ച വാഹനത്തിന്റെ നന്പര് പ്ലേറ്റ് സഹിതം ദുബായ് പൊലീസിന്റെ ടോള്‍ ഫ്രീ നന്പറില്‍ വിളിച്ചോ ഇ മെയില്‍ മുഖേനയോ നിയമലംഘനം റിപ്പോര്‍ട്ട് ചെയ്യാം. നിയമലംഘനത്തെ കുറിച്ച് വിവരം ലഭിച്ചാലുടന്‍ ആ മേഖലയിലെ നിരീക്ഷണ ക്യാമറകളും ട്രാഫിക് ക്യാമറകളും പരിശോധിച്ച് പൊലീസ് തുടര്‍ നടപടി സ്വീകരിക്കും.
ദുബായ് പൊലീസിന്റെ വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ഇത്തരത്തില്‍ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരം ലഭിക്കുക. ഈ മാസം ഒന്നാം തിയതി മുതല്‍ നിലവില്‍ വന്ന ഗതാഗത നിയമ ഭേദഗതിയിലാണ് ഈ വ്യവസ്ഥയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ നിയമഭേദഗതി വന്നതിനു ശേഷം വന്‍തോതില്‍ നിയമലംഘനങ്ങള്‍ കുറഞ്ഞതായാണ് വിലയിരുത്തല്‍. ദുബായില്‍ മാത്രം ജൂലൈ ആദ്യവാരം ഗതാഗത നിയമലംഘനങ്ങള്‍ മൂന്നിലൊന്ന് കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.