ദുബായില്‍ സലൂണുകളിലും ബ്യൂട്ടി പാര്‍ലറുകളിലും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരെ നിയമിക്കണമെന്ന് നിര്‍ദേശം. ദുബായ് അക്രഡിറ്റേഷന് സെന്ററിന്റെയും ആരോഗ്യസുരക്ഷാ വിഭാഗത്തിന്റെയും അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് പദ്ധതി നടപ്പാക്കുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.
സലൂണുകളിലും ബ്യൂട്ടി പാര്‍ലറുകളിലും വൃത്തിയും സുരക്ഷിതത്വവുമുള്ള സേവനം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരെ നിയോഗിക്കുന്നത്. ശുചിത്വം, അണുനശീകരണം, ഉപകരണങ്ങളുടെ കൃത്യമായ ഉപയോഗം തുടങ്ങിയവ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരുടെ മേല്‍നോട്ടത്തിലായിരിക്കും.
സലൂണുകളുടെയും ബ്യൂട്ടി പാര്‍ലറുകളുടെയും പ്രവര്‍ത്തനം സംബന്ധിച്ച വ്യവസ്ഥകള്‍ പാലിക്കേണ്ടതും റിപ്പോര്‍ട്ടുകള്‍ തയാറാക്കേണ്ടതും സൂപ്പര്‍വൈസര്‍മാരാണ്. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരായി നിലവില്‍ സലൂണുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരനെ തന്നെ നിയമിക്കാം. ഇതിനായി പുതിയ റിക്രൂട്ട്മെന്റ് നടത്തേണ്ടതില്ല. എന്നാല്‍ ഇവര്‍ ആരോഗ്യ സുരക്ഷാ വിഭാഗം നിശ്ചയിക്കുന്ന കാലം പരിശീലനം നേടിയശേഷം പരീക്ഷ വിജയിച്ച് സര്‍ട്ടിഫിക്കറ്റ് നേടണം.