ദുബായിലെ ആയിരത്തോളം റീട്ടെയില്‍ ഔട്ട്ലെറ്റുകളില് ഇനി നോല്‍ കാര്‍ഡുകള്‍ വഴി ഇടപാടുകള്‍ നടത്താം. പരമാവധി അയ്യായിരം ദിര്‍ഹം വരെയുള്ള വാണിജ്യ ഇടപാടുകളായിരിക്കും നോല്‍ കാര്‍ഡുകള്‍ വഴി സാധ്യമാവുക.
ഗത സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള യാത്രക്കും പാര്‍ക്കിങ് ഫീസ് നല്കുന്നതിനുമായി ദുബായ് ആര്.ടി.എ ആരംഭിച്ച പ്രീ പെയ്ഡ് കാര്‍ഡാണ് നോല്‍ കാര്‍ഡുകള്‍. ദുബായില്‍ ബസുകളിലും ഫെറികളിലും മെട്രോയിലുമെല്ലാം യാത്രനിരക്കുകള്‍ നല്‍കുന്നത് ഈ പ്രീ പെയ്ഡ് കാര്‍ഡ് മുഖേനയാണ്. പുതിയ പദ്ധതി അനുസരിച്ച് ചെറിയ തുകയ്ക്കുള്ള വാണിജ്യ ഇടപാടുകള്‍ നോല്‍ കാര്‍ഡുകള്‍ വഴി നടത്താം. പെട്രോള്‍ പന്പുകളോട് ചേര്‍ന്നുള്ള സൂം സ്റ്റോറുകളില്‍ ഈ സേവനം ഇപ്പോള്‍ തന്നെ ലഭ്യമാണ്. പദ്ധതിയുടെ രണ്ടാം ഘട്ടമെന്ന നിലയ്ക്കാണ് ആയിരം റീട്ടെയില്‍ ഔട്ട്ലെറ്റുകളിലേക്കും ഇത് വ്യാപിപ്പിച്ചിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ അയ്യായിരം ചില്ലറ വ്യാപാര സ്ഥാപനങ്ങളില്‍ നോല്‍ കാര്‍ഡ് ഉപയോഗിച്ച് പണം നല്‍കുന്നതിനുള്ള സൗകര്യം ലഭ്യമാക്കും.
ഭാവിയില്‍ കൂടുതല്‍ വലിയ ഇടപാടുകളും നോല്‍ കാര്‍ഡിലൂടെ നടത്താവുന്ന സംവിധാനം ആരംഭിക്കുന്നതും പരിഗണനയിലുണ്ട്. ദുബായിലെ പാര്‍ക്കുകളിലും ടാക്സികളിലും നോല്‍ കാര്‍ഡുകള്‍ വഴി പണം നല്‍കുന്നതിനുള്ള സംവിധാനം ഇപ്പോള്‍ നിലവിലുണ്ട്. ഇതിനു പിന്നാലെയാണ് ചില്ലറ വ്യാപാര മേഖലയിലേക്കും ഈ സേവനം വ്യാപിപ്പിക്കുന്നത്. ദുബായിലെത്തുന്ന സന്ദര്‍ശകര്‍ അടക്കമുള്ളവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാണ് പുതിയ സേവനമെന്നാണ് വിലയിരുത്തല്‍.