കൈക്കരുത്തിന്റെ ആവേശത്തില്‍ അബുദാബിയില്‍ നടന്ന കബഡി ടൂര്‍ണമെന്റില്‍ കല്ലൂരാവി ടൌൺ ടീം ജേതാക്കളായി. 16 ടീമുകള്‍ കൊമ്പുകോര്‍ത്ത മല്‍സരത്തില്‍ 31 പോയിന്റ് നേടിയാണ് കല്ലൂരാവി കിരീടം ചൂടിയത്.
കരുത്തും വേഗവും കൊണ്ട് എതിരാളികളെ വീഴ്ത്തി കളം കാലിയാക്കുന്ന കബഡി മല്‍സരം ആസ്വാദകരെ ആവേശത്തിലാഴ്ത്തി. ദേശീയ, സംസ്ഥാന തലത്തിലുള്ള 24 പേരുടെ സാന്നിധ്യം കൂടിയായതോടെ മല്‍സരത്തിന് വീറും വാശിയുമേറി. മിന്നുന്ന പ്രകടനം സംഘം കാഴ്ചവച്ച കല്ലൂരാവിയാണ് കൈക്കരുത്തിലെ ജേതാക്കള്‍.
കേരള, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ 16 ടീമുകള്‍ മാറ്റുരച്ചപ്പോള്‍ ബ്രദേഴ്സ് കന്തൽ രണ്ടാം സ്ഥാനത്തെത്തി. ബ്ലാക്ക് ആന്റ് വൈറ്റ് കല്ലൂരാവിയാണ് മൂന്നാം സ്ഥാനത്ത്. കല്ലൂരാവി കബഡി ടീമുമായി ചേർന്നാണ് അബുദാബി ഇസ്ലാമിക് സെന്റര്‍ ഇരുപത് മിനിറ്റ് ദൈർഘ്യമുള്ള ഓൾ ഇന്ത്യ കബഡി ടൂർണമെന്റ് സംഘടിപ്പിച്ചത്.