സൗദി അറേബ്യയില്‍ ബീച്ചില്‍ കളിക്കുന്നതിനിടെ ഹൃദയാഘാതം മൂലം പതിനഞ്ചു വയസുള്ള ഇന്ത്യന്‍ പെണ്‍കുട്ടി മരിച്ചു. ദമാമിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ സഹേര്‍ പര്‍വേസ് എന്ന കുട്ടിയാണു മരിച്ചത്.
അല്‍കോബാര്‍ മേഖലയിലെ ഹാഫ് മൂണ്‍ ബീച്ചില്‍ വെള്ളിയാഴ്ച കുടുംബത്തിനൊപ്പം കളിക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. ഉത്തര്‍പ്രദേശിലെ രാംപുര്‍ സ്വദേശിയായ പര്‍വേസ് അലി ഖാന്റെ മകളാണ് സഹേര്‍. കഴിഞ്ഞ 20 വര്‍ഷമായി പര്‍വേസ് സൗദിയിലാണു താമസം.
ഈദ് ആഘോഷങ്ങളുടെ ഭാഗമായാണ് ബീച്ചിലേക്ക് ഉല്ലാസയാത്ര നടത്തിയതെന്ന് കുട്ടിയുടെ പിതാവ് പര്‍വേസ് പറഞ്ഞു. സന്തോഷവതിയായ സഹേര്‍ കടലില്‍ കളിക്കുകയായിരുന്നു. കുറച്ചു സമയത്തിനു ശേഷം വെള്ളത്തില്‍നിന്നു കയറിയ മകള്‍ അമ്മയെ വിളിച്ചു.
മകള്‍ വേദന കൊണ്ടു പുളയുന്നതു കണ്ട് പരിഭ്രാന്തയായ അമ്മ സഹായത്തിനായി അലറിക്കരഞ്ഞു. ഓടിയെത്തിയ കോസ്റ്റ് ഗാര്‍ഡ് അംഗങ്ങള്‍ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് സഹേര്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നുവെന്നും പര്‍വേസ് പറഞ്ഞു. കടല്‍ത്തീരത്തു കളിക്കുന്നതിനിടെ പാമ്പുകടിയേറ്റാണ് കുട്ടി മരിച്ചതെന്ന് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ ഹൃദയാഘാതമാണു മരണകാരണമെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കി.