സുരക്ഷാ നിയമലംഘനം മൂലം തീപിടുത്തമുണ്ടായാല്‍ തീ അണയ്ക്കുന്നതിനുള്ള ചെലവുകള്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍നിന്ന് ഈടാക്കുമെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ്. നിയമലംഘനത്തിന് 50,000 ദിര്‍ഹം വരെ പിഴ ചുമത്തും. ഷാര്‍ജയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അഗ്നിബാധകളെ തുടര്‍ന്നാണ് സിവില്‍ ഡിഫന്‍സ് സുരക്ഷാനിയമം കടുപ്പിക്കുന്നത്.
മതിയായ സുരക്ഷ ഒരുക്കാത്തതിന്റെ പേരിലുണ്ടാകുന്ന അഗ്നിബാധയുടെ ഉത്തരവാദിത്തം സ്ഥാപനത്തിന് തന്നെയായിരിക്കും. വെയര്‍ഹൌസ്, വര്‍ക് ഷോപ്പ്, ഫാക്ടറി, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവ നിയമം ലംഘിച്ചതായി തെളിഞ്ഞാല്‍ അര ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ വ്യക്തമാക്കി. തീയണക്കാനെടുത്ത സമയം, രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ ഉദ്യോഗസ്ഥരുടെ എണ്ണം, ഉപയോഗിച്ച വസ്തുക്കള്‍, ജോലിക്കാര്‍ എന്നിവ കണക്കിലെടുത്താണ് പിഴ നിശ്ചയിക്കുക. കഴിഞ്ഞ ആഴ്ച ഷാര്‍ജയിലുണ്ടായ അഗ്നിബാധയ്ക്ക് കാരണം സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുന്നതിലെ വീഴ്ചയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കമ്പനിക്കെതിരെ പിഴ ചുമത്തിയിരുന്നു. പിഴയ്ക്ക് പുറമെ തീ കെടുത്തുന്നതിന് ചെലവായ മുഴുവന്‍ തുകയും സ്ഥാപന ഉടമയില്‍നിന്ന് ഈടാക്കും. ജനങ്ങളുടെ സുരക്ഷയ്ക്കൊപ്പം എമിറേറ്റില്‍ വ്യാവസായിക അനുകൂല അന്തരീക്ഷം സൃഷ്ടിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. സുരക്ഷാ നിയമം പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താനുള്ള പരിശോധനയും ബോധവല്കരണവും ശക്തമാക്കും. സിവില്‍ ഡിഫന്‍സിന്റെ സുരക്ഷാ സാക്ഷ്യപത്രമില്ലാതെ ട്രേഡ് ലൈസന്‍സ് ലഭിക്കില്ല. ലൈസന്‍സ് പുതുക്കാനും ഇത് നിര്‍ബന്ധമാക്കിയിട്ടുണ്ട്.