വ്രത ശുദ്ധിയുടെ മുപ്പത് രാപ്പകലുകള്‍ കഴിഞ്ഞ് നിഷ്കളങ്കമായ മനസ്സുമായി ഒമാനില്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചു. നിരാലംബര്‍ക്ക് ദാനം നല്‍കിയും തക്ബീര്‍ ധ്വനികള്‍ ഉരുവിട്ടുമാണ് രാജ്യത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും ആളുകള്‍ പെരുന്നാള്‍ നിസ്കാരത്തിനെത്തിയത്. കേരളത്തിലും ഒരേ ദിവസമാണ് ചെറിയ പെരുന്നാള്‍ ആഘോഷത്. സ്വദേശി സമൂഹത്തോടൊപ്പം മലയാളികളുള്‍പെടെയുള്ള പ്രവാസി സമൂഹവും ഭക്ത്യാദരങ്ങളോടെയാണ് ഈദ് ആഘോഷത്തില്‍ പങ്കു ചേര്‍ന്നത്.
അതി രാവിലെ തന്നെ സ്വദേശികളുടെ പെരുന്നാള്‍ നിസ്കാരങ്ങള്‍ കഴിഞ്ഞിരുന്നു. നമസ്കാരം കഴിഞ്ഞയുടന്‍ തക്ബീര്‍ ധ്വനികളാല്‍ അന്തരീക്ഷം മുഖരിതമായിരുന്നു. മന്ത്രിമാര്‍, അണ്ടര്‍ സെക്രട്ടറിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ മസ്കത്തിലും സലാലയിലും നടന്ന ഈദ് നിസ്കാരങ്ങളില്‍ പങ്കെടുത്തു. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും സുല്‍ത്താന്‍ ഖാബൂസ് ഈദുല്‍ ഫിത്വര്‍ ആശംസകള്‍ നേര്‍ന്നു.
സ്വദേശി നമസ്കാരാനന്തരം വിദേശികള്‍ പള്ളികളില്‍ പെരുന്നാള്‍ നിസ്കാരങ്ങള്‍ സംഘടിപ്പിച്ചു. പ്രാര്‍ഥനകള്‍ കഴിഞ്ഞിറങ്ങുന്നവര്‍ പരസ്പരം കെട്ടിപ്പുണര്‍ന്നും കൈകള്‍ കൊടുത്തും ഈദ് മുബാറക് ആശംസിച്ചും ഊഷ്മള സ്നേഹത്തിന്റെ മഹനീയ മാതൃകയൊരുക്കുന്ന കാഴ്ചയായിരുന്നു പള്ളിമുറ്റങ്ങളില്‍. ഈദ് ഗാഹുകളിലും ഈദ് നമസ്കാരങ്ങള്‍ക്ക് വേദിയൊരിക്കിയിരുന്നു.
മസ്ജിദുകളില്‍ നിന്ന് താമസയിടം എത്തും വരെ വഴിയില്‍ കാണുന്ന പരിചയക്കാരും സുഹൃത്തുക്കളുമെല്ലാം പരസ്പരം ആശംസകളര്‍പ്പിക്കുന്ന കാഴ്ചകളായിരുന്നു നിരത്തുകളില്‍ നിറയെ. ബന്ധുക്കളും നാട്ടുകാരുമായി ചേര്‍ന്നാണ് പ്രവാസികള്‍ പെരുന്നാള്‍ ആഘോഷിച്ചത്. പാര്‍ക്കുകളിലും വിനോദ കേന്ദ്രങ്ങളിലും പ്രവാസികളുള്പെടെയുള്ളവരുടെ തിരക്ക് അനുഭവപ്പെട്ടു.