റിയാദ് : ആലുവ വെളിയത്തുനാട് നടുവേലിപ്പറമ്പിൽ അബൂബക്കർ (55) സക്കാക്ക അൽജൗഫിൽ നിര്യാതനായി. വൃക്ക സംബന്ധമായ അസുഖത്തെത്തുടർന്ന് സക്കാക്ക സെൻട്രൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ മൂന്നിനാണ് രണ്ടു മാസത്തെ അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. രണ്ടുദിവസത്തിന് ശേഷം അസുഖം മൂർഛിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ഒമ്പത് വർഷമായി സൗദിയിലുള്ള ഇദ്ദേഹം സൗദി അറേബ്യൻ ഗ്രൈൻസ് ഓർഗനൈസേഷനിൽ ജീവനക്കാരനായിരുന്നു.
ജോലി മതിയാക്കുമ്പോൾ കമ്പനിയിൽ നിന്നും കിട്ടൂന്ന ആനുകൂല്യങ്ങളിൽ പ്രതീക്ഷയർപ്പിച്ചായിരുന്നു കുടുംബത്തിന്റെ എതിർപ്പ് വകവെക്കാതെ രോഗാവസ്ഥയിലും തിരിച്ചെത്തിയത്. നെടുമ്പാശേരി വിമാനത്താവളത്തിൽ ഇയാളുടെ ആരോഗ്യ സ്ഥിതി കണ്ട് എമിഗ്രേഷൻ ഉദ്യോഗസ്ഥൻ തടഞ്ഞിരുന്നു. പിന്നീട് മെഡിക്കൽ റിപ്പോർട്ട് വീട്ടിൽ നിന്നും ഹാജരാക്കി സ്വന്തം ഉത്തരവാദിത്വത്തിലാണ് യാത്ര ചെയ്യാൻ അനുവദിച്ചത്. സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സക്കാക്കയിൽ കബറടക്കും. ഭാര്യ: സീനത്ത്. മക്കൾ: സജിനി, ജിസ്മി, സജിത്