സലാല: ഇളം കാറ്റും ചാറ്റല്‍ മഴയും നിറയുന്ന ഖരീഫ് (ശരത്കാല) വിസ്മയം ദോഫാര്‍ ഗവര്‍ണറേറ്റില്‍ ഇന്ന് (ബുധനാഴ്ച) ആരംഭിക്കും. എല്ലാവര്‍ഷവും ജൂണ്‍ 21 മുതല്‍ സെപ്തംബര്‍ 21 വരെ നീണ്ടു നില്ക്കുന്ന വസന്ത കാലത്തെ വരവേല്‍ക്കാന്‍ സലാല ഇതിനോടകം പാകമായിട്ടുണ്ട്. പ്രകൃതി മാറിത്തുടങ്ങിയതായി പ്രദേശവാസികള്‍ പറയുന്നു.
അറേബ്യന്‍ മേഖല കനത്ത ചൂടില്‍ വലയുമ്പോള്‍ കേരളമടക്കമുള്ള തെക്കേഷ്യന്‍ രാജ്യങ്ങളിലെ കാലാവസ്ഥക്ക് സമാനമായി ദോഫാര്‍ മേഖല മാറും. കേരളത്തില്‍ മഴക്കാലമാകുന്ന കാലത്താണ് സലാലയില്‍ ഖരീഫ് കാലം ആരംഭിക്കുക. ദോഫാറിന് പുറമെ യമന്‍, തെക്കുപടിഞ്ഞാറന്‍ സഊദി അറേബ്യ, സുഡാന് എന്നിവിടങ്ങളിലും ഈ സമയം ശരത്കാലമായിരിക്കും.
ഇനിയുള്ള ദിവസങ്ങളില്‍ സലാലയില്‍ സഞ്ചാരികള്‍ നിറയും. പെരുന്നാള്‍ അവധിയിലാകും വലിയ തിരക്ക് അനുഭവപ്പെടുക. എങ്കിലും, സെപ്തംബര്‍ അവസാനം വരെ സഞ്ചാരികളുടെ ഒഴുക്കുണ്ടാകും. ഓരോ വര്‍ഷവും ലക്ഷക്കണക്കിനാളുകളാണ് സലാലയിലെ പ്രകൃതി ആസ്വദിക്കാനായി എത്തുന്നത്. സഞ്ചാരികളെ കാത്ത് വിപണിയും ഒരുങ്ങിയിട്ടുണ്ട്. സലാലയിലെ നാടന്‍ കാര്‍ഷിക വിഭവങ്ങളാണ് മുഖ്യ ആകര്‍ഷണം. ഇളനീര് മുതല്‍ കരിമ്പു വരെ വിപണയില്‍ സുലഭമായി ലഭിക്കും. പ്രത്യേക തരം പഴങ്ങള്‍ തേടിയും സന്ദര്‍ശകരെത്തുന്നു.
കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ആഭ്യന്തര സര്‍വ്വീസുകളും രാജ്യാന്തര സര്‍വ്വീസുകളും വിമാനങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. സലാം എയറിന്റെ സുഹാര്‍ - സലാല സര്‍വ്വീസാണ് ഇത്തവണത്തെ പ്രത്യേകത. ഇത് ആഭ്യന്തര സഞ്ചാരികളെയും യു എ ഇയില്‍ നിന്നുള്ള സഞ്ചാരികളെയും വര്‍ധിപ്പിക്കും. ജി സി സി രാഷ്ട്രങ്ങളില്‍ നിന്നാണ് എല്ലാ വര്‍ഷവും കൂടുതല്‍ പേര് സലാലയിലെത്തുന്നത്. ഇവരില്‍ ഖത്വരികളും യു എ ഇ സ്വദേശികളുമാണ് മുന്നില്‍.
സലാലയുടെ മണ്ണും മനസും നേരത്തെ തന്നെ സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ദോഫാറിലെ അന്തരീക്ഷം തണുക്കാന്‍ തുടങ്ങിയിട്ടുണ്ട്. നേരിയ മഴയും മഞ്ഞുമായി പ്രകൃതി കൂടുതല്‍ സുന്ദരിയായിരിക്കുകയാണ്. അറബിക്കടലിന്റെയും ജബല്‍ ഹജര്‍ മലനിരകളുമാണ് ഇത്തരമൊരു സുഖപ്രദമായ കാലാവസ്ഥ ദോഫാറിന് നല്‍കുന്നത്.