ഖത്തറിനു മേല്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി യുഎഇ. ഖത്തറിലേക്കും തിരിച്ചുമുളള എല്ലാ വിമാനങ്ങള്‍ക്കും യുഎഇ വ്യോമമേഖലയിലൂടെ കടന്നു പോകുന്നതിന് വിലക്കേര്‍പ്പെടുത്തി. ഖത്തര്‍ എയര്‍ലൈന്‍സിന് മാത്രം എര്‍പ്പെടുത്തിയിരുന്ന വിലക്കാണ് ഇപ്പോള്‍ മറ്റു കമ്പനികള്‍ക്കു കൂടി ബാധകമാക്കിയത്.
ഇതോടെ ദോഹയിലേക്കുളള ഇന്ത്യന്‍ വിമാനങ്ങള്‍ ഇനി ഇറാന് വ്യോമാതിര്‍ത്തി വഴി പോകേണ്ടി വരും. ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് സുരക്ഷാ ഭീഷണിയില്ലെന്നും ഇന്ത്യന്‍ എംബസി വ്യക്തമാക്കി. ഖത്തറുമായുളള തപാല്‍ ഇടപാടുകളും യുഎഇ നിര്‍ത്തിവച്ചു. അതെ സമയം വിദേശനയത്തില്‍ മാറ്റം വരുത്തില്ലെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി പറഞ്ഞു.
ഉന്നതതല ചര്‍ച്ചകള്‍ തുടരുകയാണ് . യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ഫോണില്‍ ചര്‍ച്ച നടത്തി. ഖത്തര്‍ അമീറുമായും ട്രംപ് ഫോണില്‍ സംസാരിച്ചിരുന്നു. സൗദിയിലേയും യു എഇയിലെയും ചര്‍ചകള്‍ക്ക് ശേഷം ബുധനാഴ്ച രാത്രി ദോഹയിലെത്തിയ കുവൈത്ത് അമീര്‍ ഷെയ്ഖ് സബാ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാ സ്ഥിതിഗതികള്‍ ഖത്തര്‍ അമീറുമായി ചര്‍ച്ച ചെയ്തു