സ്വദേശിവത്കരണ നടപടികളുടെ ഭാഗമായി ഒമാനില്‍ മലയാളികള്‍ അടക്കമുള്ള വിദേശി ഡോക്ടര്‍മാര്‍ക്കും നഴ്സ്മാര്‍ക്കും ജോലി നഷ്ടമാകുന്നു. 415 വിദേശി നഴ്സ്മാര്‍ക്ക് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് 80 വിദേശി ഡോക്ടര്‍മാര്‍ക്ക് കൂടി തൊഴില്‍ നഷ്ടമാകുമെന്ന് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പുറത്തുവന്നത്. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന 80 മുതിര്‍ന്ന ഡോക്ടര്‍മാര്‍ക്ക് പകരം സ്വദേശികളെ നിയമിക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് സര്‍ക്കാര്‍ ഔദ്യോഗിക പത്രമായ ഒമാന്‍ ഒബ്സര്‍വര്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ വര്‍ഷം തന്നെ വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കും. ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ പരീക്ഷ സ്വദേശി ഡോക്ടര്‍മാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിന്റെ ഫലം വരുന്ന മുറക്ക് പുതിയ നിയമനങ്ങള്‍ ഉണ്ടാകും. അതേസമയം, 120 ദന്തവിഭാഗം ഡോക്ടര്‍മാരും ഇത്രയും തന്നെ വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരും കോഴ്സുകള്‍ പൂര്‍ത്തിയാക്കിയതായും ഇവര്‍ സര്‍ക്കാര്‍ തസ്തികയില്‍ ജോലിയില്‍ പ്രവേശിക്കാനിരിക്കുകയാണെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.
415 വിദേശി നഴ്സുമാര്‍ക്ക് ജോലി നഷ്ടമാകുമെന്ന് മന്ത്രാലയത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. ഔദ്യോഗിക അറബിക് പത്രമായ 'ഒമാന്‍ അറബിക'് ആണ് റിപ്പോര്‍ട്ട് ചെയ്തത്. മലയാളികള്‍ അടക്കമുള്ള നഴ്സുമാര്‍ക്ക് ഇതിനോടകം നോട്ടീസ് ലഭിച്ചു കഴിഞ്ഞു. മൂന്ന് മാസം മുമ്പ് ലഭിച്ച നോട്ടീസ് പ്രകാരം അടുത്ത മാസം ഒന്ന് വരെ മാത്രമെ ജോലി ഉണ്ടാവുകയുള്ളൂ. ആരോഗ്യ രംഗത്തെ സ്വദേശിവത്കരണം 65 ശതമാനത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ്.
അതേസമയം, പരിചയ സമ്പന്നരായ വിദേശികളെ മാറ്റി പുതിയ ആളുകളെ നിയമിക്കുന്നത് മെഡിക്കല്‍ സേവനത്തെ ബാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു