നോമ്പുകാലമായതോടെ ഗള്‍ഫിലെ ഈന്തപ്പഴ വിപണികളും സജീവമായി. വിളവെടുപ്പ് വിളിപ്പാടകലെയാണെങ്കിലും ഒമാനില്‍നിന്നുള്ള നഗാല്‍ ഇതോടകം വിപണി കീഴടക്കി കഴിഞ്ഞു
സ്വര്‍ണവര്‍ണമുള്ള നഗാലാണ് വിപണിയിലെ താരം. നേരത്തെ വിളവെടുപ്പ് തുടങ്ങിയ ഒമാനില്‍നിന്നാണ് മധുരംപൊഴിയുന്ന നഗാല്‍ ആരാധകരെ തേടിയെത്തിയത്. ഇഫ്താര്‍ വിരുന്നുകളില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്നതും ഇതുതന്നെ. പല വലുത്തിലും നിറത്തിലും ഗുണത്തിലുമായി അഞ്ഞൂറോളം ഇനങ്ങളുണ്ടെങ്കിലും ഇരുപത്തഞ്ചോളം ഇനമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. ഇതില്‍ മദീനയില്‍നിന്നുള്ള അജ്്വയാണ് മുന്തിയ ഇനം. രുചിയും ഗുണവും ഏറെയുള്ള ഇതിന് കിലോയ്ക്ക് 80 മുതല്‍ 100 ദിര്‍ഹം വരെ വിലയുണ്ട്.
ഖലാസ്, ഫര്‍ദ്, ഖനേസി, ബര്‍ഹി തുടങ്ങിയ ഈന്തപ്പഴങ്ങള്‍ വിപണിയില്‍ സുലഭം. ധാരാളം കാര്‍ബൊ ഹൈഡ്രേറ്റ് അടങ്ങിയ ഈന്തപ്പഴത്തില്‍ കാല്‍സ്യം, സോഡിയം, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങി മനുഷ്യ ശരീരത്തിന് ആവശ്യമായ ഒട്ടേറെ ലവണങ്ങളുണ്ട്. അതുകൊണ്ടുതന്നെ നോമ്പുതുറക്കാന്‍ ഈന്തപ്പഴവും കാരക്കയും ഉപയോഗിക്കുന്നത് നല്ലതാണെന്ന് ശാസ്ത്രീയമായും തെളിയിക്കപ്പെട്ടിരിക്കുന്നു.