റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ ഏകമകന് മരിച്ച കേസില്‍ നഷ്ടപരിഹാരത്തുക വാങ്ങാന്‍ കാത്തുനില്‍ക്കാതെ അമ്മയും യാത്രയായി. കൊല്ലം കരുനാഗപ്പള്ളി താലൂക്ക് ആദിനാട് തെക്ക് നെടിയത്ത് പടീറ്റതില്‍ പരേതനായ അബ്ദുല്‍ റഹ്മാന് കുഞ്ഞിന്റെ ഭാര്യ സുബൈദാബീവിയാണ് മേയ് ഒന്നിന് പുതിയകാവില്‍ വാഹനാപകടത്തില്‍ മരിച്ചത്. ആദ്യഭാര്യയുടെ മരണശേഷം അബ്ദുല്‍ റഹ്മാന് കുഞ്ഞ് സുബൈദാബീവിയെ വിവാഹം കഴിക്കുകയായിരുന്നു.
2012ലാണ് ഇവരുടെ മകന് ഹാഷിം (22) റാസല്‍ഖൈമ-ദുബായ് റോഡില്‍ വാഹനാപകടത്തില്‍ മരിച്ചത്. ഇതേനാട്ടുകാരായ മറ്റുരണ്ടുപേരും അപകടത്തില്‍ മരിച്ചിരുന്നു. തുടര്‍ന്ന് അല്‍ കബ്ബാന്‍ അസോസിയേറ്റ്സിലെ സീനിയര്‍ ലീഗല്‍ കണ്‍സല്‍ട്ടന്റ് അഡ്വ.ഷംസുദ്ദീന് കരുനാഗപ്പള്ളി മുഖേന സുബൈദാബീവിയും ഭര്‍ത്താവിന്റെ ആദ്യഭാര്യയിലെ മക്കളും ചേര്‍ന്നു ദുബായ് കോടതിയില്‍ നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്തു.
കോടതി 2.7 ലക്ഷം നഷ്ടപരിഹാരം വിധിച്ചു. ഇന്‍ഷുറന്‍സ് കമ്പനി അപ്പീല്‍ നല്‍കിയെങ്കിലും കീഴ്ക്കോടതിവിധി ശരിവയ്ക്കുകയായിരുന്നു. തുക കൈമാറാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് സുബൈദാബീവി കാറിടിച്ചു മരിച്ചത്. ഈ സാഹചര്യത്തില്‍ നഷ്ടപരിഹാര തുക നിയമാനുസൃതമുള്ള മറ്റ് അവകാശികള്‍ക്കു കൈമാറുമെന്ന് അഡ്വ.ഷംസുദ്ദീന് കരുനാഗപ്പള്ളി അറിയിച്ചു.