മസ്കത്ത്: റമസാനില്‍ പാര്‍ട് ടൈം വീട്ടുജോലിക്കാരെ നിയമിക്കുന്നത് നിയമ വിരുദ്ധമെന്ന് മാനവവിഭവ ശേഷി മന്ത്രാലയം. ചില വീടുകളില്‍ തൊഴില്‍ നിയമം ലംഘിച്ച് ഒരു മാസത്തേക്ക് മാത്രമായി വീട്ടുവേലക്കാരെ ജോലിക്ക് നിര്‍ത്തുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
അതേസമയം, വര്‍ഷം മുഴുവന്‍ വീട്ടു ജോലിക്കാരെ നിര്‍ത്തേണ്ട സാഹചര്യമില്ലാത്ത കുടുംബങ്ങളും പണം ചെലവഴിക്കാനില്ലാത്തവരുമായ സ്വദേശികളാണ് റമസാനില്‍ മാത്രമായി ജോലിക്കാരെ നിയമിക്കുന്നത്. ഒരു മാസത്തെ ആവശ്യത്തിന് മാത്രമായി 12 മാസവും വീട്ടുജോലിക്കാരെ നിര്‍ത്താന്‍ സാധിക്കില്ലെന്ന് ചിലര്‍ പറഞ്ഞു.
ഒമാന്‍ തൊഴില്‍ നിയമം ആര്‍ട്ടിക്കള്‍ 18 പ്രകാരം രണ്ട് വര്‍ഷത്തെ കരാറിലാണ് വീട്ടുജോലിക്കാരെ നിയമിക്കാന്‍ സാധിക്കുക. ചിലര്‍, കുറഞ്ഞ കാല പരിധിയിലേക്ക് മാത്രമായി വീട്ടുജോലിക്കാരെ നിയമിക്കുകയും ഇവരെ കണ്ടെത്തുന്നതിന് സാമൂഹിക മാധ്യമങ്ങളിലും കച്ചവട കേന്ദ്രങ്ങള്‍ക്ക് മുന്നിലും പരസ്യം നല്‍കുകയും ചെയ്യുന്നു. ഈ വര്‍ഷം ഫെബ്രുവരി 21 മുതല്‍ 27 വരെ 31 അനധികൃത വീട്ടുജോലിക്കാരാണ് അറസ്റ്റിലായത്.