റമസാനില്‍ വിശ്വാസികളെ സ്വീകരിക്കാന്‍ ആരാധനാലയങ്ങള്‍ ഒരുങ്ങി. വിശുദ്ധ മാസത്തില്‍ പള്ളികളില്‍ എത്തുന്ന വിശ്വാസികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ സജ്ജമാക്കിയതായി മതകാര്യ വകുപ്പ് അറിയിച്ചു.
പള്ളികളിലെല്ലാം അറ്റകൂറ്റപ്പണികള്‍ പൂര്‍ത്തിയാക്കി പുതിയ പരവതാനികള്‍ വിരിച്ചു. പ്രാര്‍ഥനയ്ക്കായി ധാരാളം ആളുകള്‍ എത്തിച്ചേരാന്‍ ഇടയുള്ള പള്ളികള്‍ വിപുലീകരിച്ചു. നഗരസഭയുടെ അനുമതിയോടെ മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കി ഇഫ്താര്‍ ടെന്റുകളും സജ്ജമായി. ചില സ്ഥലങ്ങളില്‍ തറാവീഹിനും മറ്റും എത്തുന്ന വിശ്വാസികളുടെ ബാഹുല്യം കണക്കിലെടുത്ത് നമസ്കരിക്കാനുളള സൗകര്യം വിപുലപ്പെടുത്തി. ഖുര്‍ആന്‍ പ്രതികളും കൂടുതലായി എത്തിച്ചു.
വിവിധ പള്ളികളില്‍ ഇഫ്താര്‍ വിഭവങ്ങള്‍ എത്തിക്കുന്നതിന് സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ കേന്ദ്രീകൃത സംവിധാനമുണ്ട്. റമസാന്‍ അവസാന പത്തില്‍ പള്ളികളില്‍ ഭജനയിരിക്കുന്നവരുടെ എണ്ണം കൂടുമെന്നതിനാല്‍ ആ ദിവസങ്ങളില്‍ രാത്രി കുടിവെള്ളം, അത്താഴം തുടങ്ങിയ ലഭ്യമാക്കുന്നതിന് മതകാര്യ മന്ത്രാലയം പദ്ധതി ആവിഷകരിച്ചു. തറാവീഹ് നമസ്കാരത്തിന് നേതൃത്വം നല്‍കുന്നതിനായി ഇന്ത്യ ഉള്‍പെടെ വിവിധ രാജ്യങ്ങളില്‍നിന്ന് ഖുര്‍ആന്‍ മനഃപാഠമാക്കിയ ഹാഫിസുമാരെയും എത്തിച്ചിട്ടുണ്ട്. മലയാളികളടക്കം നിരവധി പ്രമുഖരുടെ നേതൃത്വത്തില്‍ പ്രഭാഷണങ്ങളുമുണ്ടാകും.