ദുബായ്∙ യുഎഇ മോട്ടോർസ്പോർട്ടിലെ തിളങ്ങുന്ന താരവും കാർ റെയ്സിങ്ങിലെ സജീവ സാന്നിധ്യവുമായ അമ്ന അൽ ഖുസൈനി എന്ന കൊച്ചുമിടുക്കി ഫോർമുല 4 കാറോട്ടത്തിൽ പങ്കെടുക്കുന്ന ആദ്യ അറബ് വനിതയാകുന്നു. പുരുഷൻമാരുടെ കുത്തകയായ കാറോട്ടത്തിൽ വൻകുതിച്ചു ചാട്ടം നടത്തി മുന്നറുന്ന ഈ പതിനേഴുകാരി റോട്ടാക്സ് മാക്സ് ചാലഞ്ച് സീരീസിൽ പങ്കെടുത്ത് അടുത്തിയിടെ റെക്കോർഡിട്ടിരുന്നു. പ്രേമ ടീമിനൊപ്പം ഫോർമുല ഫോറിന്റെ അടുത്ത സീസണിൽ മത്സരിക്കുന്ന അമ്നയുടെ ലക്ഷ്യം ഫോർമുല വൺ റെയ്സിങ്ങിൽ ഒരു സീറ്റ് ഉറപ്പാക്കുകയാണ്.
യുഎഇയിലെ ആദ്യ വനിതാ ഡ്രൈവറായി ഫോർമുല ഫോറിൽ പങ്കെടുക്കുന്നത് ആശ്ചര്യമുളവാക്കുന്നു. എന്നാൽ മികച്ചരീതിയിൽ പ്രകടനം നടത്തി ഫോർമുല വണ്ണിലേക്കു സീറ്റുറപ്പിക്കാൻ കഴിയുമെന്ന വിശ്വാസം ഉണ്ട്. – അമ്നയുടെ വാക്കുകളിൽ ആത്മവിശ്വാസത്തിന്റെ തിളക്കം.
ഫോർമുല വണ്ണിൽ പങ്കെടുക്കാനായാൽ ഫോർമുല വൺ റെയ്സിങ്ങിൽ പങ്കെടുത്തിട്ടുള്ള ലോകത്തിലെ ആറുവനിതകളിൽ ഒരാളായി മാറും അമ്ന. അമ്നയുടെ പ്രായവും മികവും കണക്കിലെടുക്കുമ്പോൾ അമ്നയ്ക്കത് അസാധ്യമല്ലെന്നാണ് മോട്ടോർസ്പോർട്സ് ജേണലിസ്റ്റുകൾ വിലയിരുത്തുന്നത്.