ലോക സുന്ദരികളുടെ പ്രിയനാടായ ദുബായിൽ നിന്ന് ഒരു സുന്ദരി കൂടി കേരളത്തിൽ കിരീടം ചൂടി. മംഗലാപുരത്ത് സ്ഥിര താമസമാക്കിയ കണ്ണൂർ സ്വദേശിനി വിജയലക്ഷ്മി രതീഷാണ് കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന മിസിസ് ഗ്ലോബൽ ഗോഡ്സ് ഒാൺ കൺട്രി 2017 സൗന്ദര്യ മത്സരത്തില്‍ ഒന്നാമതെത്തിയത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 25 പേരെ പിന്നിലാക്കി കിരീടം ചൂടിയ വിജയലക്ഷ്മിക്ക് അഞ്ച് ലക്ഷം രൂപയും ഉപഹാരങ്ങളും ലഭിച്ചു.
കഴിഞ്ഞ മാസം ദുബായിൽ നടന്ന ഒാഡീഷനിലാണ് വിജയലക്ഷ്മിക്ക് കൊച്ചിയിലേയ്ക്ക് ടിക്കറ്റ് ലഭിച്ചത്. മൂന്ന് ഘട്ടങ്ങളിലായിരുന്നു കൊച്ചിയിലെ മത്സരം. മികച്ച നർത്തകി കൂടിയായ വിജയലക്ഷ്മി എല്ലാ വിഭാഗത്തിലും ഒന്നാമതായി. നേരത്തെ യുഎഇയിൽ നടന്ന സൗന്ദര്യ മത്സരങ്ങളിൽ ഇവർ റാണിപ്പട്ടം സ്വന്തമാക്കിയിട്ടുണ്ട്. എൻഎംസി ഗ്രൂപ്പിൽ ഉദ്യോഗസ്ഥനായ കാഞ്ഞങ്ങാട് സ്വദേശി രതീഷാണ് ഭർത്താവ്. മക്കൾ: ആദിത്യ, സംരീൻ.
കഴിഞ്ഞ വർഷം കേരളത്തിൽ നടന്ന മിസിസ് ഇന്ത്യാ കേരളാ മത്സരത്തിൽ ദുബായിൽ താമസിക്കുന്ന കണ്ണൂർ സ്വദേശിനി സിതാര അഷ്റഫ് രണ്ടാം സ്ഥാനം നേടിയിരുന്നു.