അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നൃത്തച്ചുവടുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. റിയാദിലെ ചരിത്ര പ്രസിദ്ധമായ അല്‍മുറബ്ബ കൊട്ടാരത്തിലെത്തിയ ട്രംപിനെ പരമ്പരാഗത നൃത്തത്തോടെ വരവേറ്റപ്പോഴായി അമേരിക്കന്‍ പ്രസിഡന്റ് ചുവടുവച്ചത്.
വിശിഷ്ടാതിഥികളെ പരമ്പരാഗത മാതൃകയില്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് അര്‍ദ നൃത്തം ഒരുക്കിയത്. സൌദി ഭരണാധികാരി സല്മാന് രാജാവിനൊപ്പമെത്തിയ ട്രംപ് നൃത്തത്തില്‍ ആകൃഷ്ടനായി വാളേന്തി ചുവടുവക്കുകയായിരുന്നു.
ട്രംപ് അറബി കോഫി കുടിച്ചതും സമൂഹമാധ്യങ്ങള്‍ ആഘോഷമാക്കി. സല്മാന് രാജാവും ട്രംപും കുശലംപറയുന്നതിനിടെ പരിചാരകന് പരമ്പരാഗത കോഫിയായ ഖഹ്്വ പകര്ന്നുനല്കി. വീണ്ടും നല്‍കാനെത്തിയതോടെ രാജാവ് കാപ്പിക്കപ്പ് കുലുക്കിയതും കപ്പ് വാങ്ങി പരിചാരകന് മടങ്ങി. ഇനി വേണ്ട എന്ന അറിയിപ്പാണതെന്ന് രാജാവ് വിശദീകരിച്ചത് ട്രംപ് കൌതുകപൂര്വം കേട്ടിരുന്നു. സൌഹാര്‍ദവും സ്വീകരണവും ഭക്ഷണവും ഉള്‍പെടെ അറബികളുടെ ആചാര രീതിയില്‍ മതിപ്പ് പ്രകടിപ്പിച്ച ട്രംപ് ഒട്ടേറെ അവിസ്മരണീയ മുഹൂര്‍ത്തത്തിനും സാക്ഷ്യംവഹിച്ചാണ് മടങ്ങുന്നത്.