യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ സൗദി സന്ദര്‍ശനം ഉഭയകക്ഷി ബന്ധത്തിലെ വഴിത്തിരിവാണെന്ന് ഭരണാധികാരി സല്മാന് രാജാവ്. റിയാദിലെ അല്‍ യെമാമ കൊട്ടാരത്തില്‍ പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് ട്രംപിന്റെ സന്ദര്‍ശന നേട്ടങ്ങളെ രാജാവ്എടുത്തുപറഞ്ഞത്.
ഇളംതലമുറകളെയും സമൂഹത്തെയും തീവ്രവാദത്തിന്റെ കെണിയില്‍ വീഴാതെ സംരക്ഷിക്കുന്നതിനാണ് തീവ്രവാദ ആശയ വിരുദ്ധ പോരാട്ടത്തിനുള്ള ആഗോള കേന്ദ്രം ആരംഭിച്ചത്. ഭീകരപ്രവര്‍ത്തകരുടെ സാമ്പത്തിക സ്രോതസ്സുകള്‍ നിരീക്ഷിക്കുന്നതിന് പ്രത്യേക കേന്ദ്രം സ്ഥാപിക്കാനും സംയുക്ത ധാരണയായി. വെല്ലുവിളികള്‍ നേരിടുന്നതിനും ലോകത്ത് സുരക്ഷാ ഭദ്രതയും സമാധാനവും ഉണ്ടാക്കുന്നതിനും സഹായകമായ എല്ലാ കാര്യങ്ങള്‍ക്കുമുള്ള നിശ്ചയദാര്‍ഢ്യമാണ് റിയാദില്‍ നടന്ന ഉച്ചകോടികളില്‍ പങ്കെടുത്ത രാജ്യങ്ങള്‍ പ്രകടിപ്പിച്ചത്. ജോയിന്റ് സ്ട്രാറ്റജിക് വിഷന്‍ പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചതും 28,000 കോടി ഡോളറിന്റെ കരാറുകളും ഉഭയ കക്ഷി ബന്ധത്തിലെ വഴിത്തിരിവാണ്. വിവിധ മേഖലകളില്‍ രണ്ടു രാജ്യങ്ങളും തമ്മില്‍ കൂടിയാലോചനകളും സഹകരണവും ഏകോപനവും ശക്തമാകും. ഉഭയകക്ഷിബന്ധം പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തുന്നതിനും അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം വഴിവെക്കുമെന്ന് രാജാവ് സാക്ഷ്യപ്പെടുത്തി.