സൗദി അറേബ്യയും അമേരിക്കയും തമ്മില്‍ പതിനോരായിരം കോടി ഡോളറിന്റെ ആയുധ കരാര്‍ ഒപ്പിട്ടു. ലോക സുരക്ഷയും സ്ഥിരതയും ശക്തമാക്കാന്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സൌദി സന്ദര്‍ശനം വഴിയൊരുക്കുമെന്ന് സൌദി ഭരണാധികാരി സല്മാന് രാജാവ് അഭിപ്രായപ്പെട്ടു. സൌദിയും അമേരിക്കയും തമ്മിലുള്ള സുരക്ഷാ, സാമ്പത്തിക സഹകരണം ഊര്‍ജിതമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക സുരക്ഷയ്ക്കൊപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ, സാംസ്കാരിക, വ്യാപാര പങ്കാളിത്തം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും ട്രംപുമായി സല്മാന് രാജാവ് ചര്‍ച്ച ചെയ്തു. തുടര്‍ന്ന് സൌദിയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ കിങ് അബ്ദുല്‍അസീസ് മെഡല്‍ സമ്മാനിച്ചു. സൌദി-യുഎസ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ട്രംപ് ഭീകരവാദത്തിനെതിരെയുള്ള ആഗോള കേന്ദ്രം ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. ഭീകരവാദത്തിനെതിരെയുള്ള സംയുക്ത പോരാട്ടം ഇസ്ലാമിനെതിരെയുള്ള ധാരണ തിരുത്താന്‍ സഹായകമാകുമെന്ന് മുസ്ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ ഇസ്സ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഭീകരപ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ഡിജിറ്റല്‍ കേന്ദ്രവും തുറക്കും.
ഭീകരവാദത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന സൌദി അറേബ്യ ഇതോടകം ആയിരത്തിലേറെ വെബ്സൈറ്റുകളും സമൂഹ മാധ്യമ അക്കൌണ്ടുകളും അടപ്പിച്ചതായും സൂചിപ്പിച്ചു. ട്രംപിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് സൌദി അറേബ്യയുമായി 11,000 കോടി ഡോളറിന്റെ ആയുധ കരാറില്‍ ഒപ്പുവച്ചതായി വൈറ്റ് ഹൌസ് വക്താവ് അറിയിച്ചു. മേഖലയിലെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനൊപ്പം ഇറാന്റെ ഭീഷണി നേരിടാനും ഇത് സഹായകമാകുമെന്നാണ് വിലയിരുത്തുന്നത്.