കാളിദാസ കവിത ആസ്പദമാക്കിയുള്ള ഋതുസംഹാര ക്ലാസിക്കൽ നൃത്ത സംഗീത വിരുന്ന് യുഎഇ നിവാസികള്‍ക്ക് നവ്യാനുഭവമായി. മഹത്തായ ഇന്ത്യന്‍ കലകളുടെ സംഗമം കാണാനായി നൂറുകണക്കിന് ആളുകളാണ് അബുദാബി ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ എത്തിയത്.
ഗ്രീഷ്മം, വർഷം, ശരത്, ഹേമന്തം, ശിശിരം എന്നീ ഋതുകാലങ്ങളിലെ മാനുഷിക മാറ്റങ്ങൾ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി നൃത്തങ്ങളിലൂടെ ആവിഷ്കരിക്കുകയായിരുന്നു.
യുഎസിലെ സ്കൂൾ ഓഫ് വേൾഡ് മ്യൂസിക് ആൻഡ് ഡാൻസ് ഡയറക്ടർ ലളിത രാമമൂർത്തി സംവിധാനം ചെയ്ത ഋതുസംഹാരയുടെ സംഗീതം നിര്‍വഹിച്ചത് സവിത ശ്രീരാം ആണ്.
യു.എ.ഇയിലെ രതീഷ് അനിൽകുമാർ, അനുപമ പിള്ള, പത്മപ്രിയ പ്രകാശ് എന്നിവർ ഉൾപ്പെടെ 27 നർത്തകരാണ് പ്രത്യേകം ചിട്ടപ്പെടുത്തിയ നൃത്ത വിരുന്നിൽ പങ്കാളികളായത്. രണ്ടു മണിക്കൂർ നീണ്ടു നിന്ന പരിപാടിയിൽ സീമാ ഷെട്ടി മുഖ്യാതിഥി ആയിരുന്നു.