മസ്കത്ത്: ഇ - വിസ സംവിധാനം നിലവില്‍ വന്നതായി റോയല്‍ ഒമാന്‍ പോലീസ്. ഒമാനിലെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിവേഗം വിസ ലഭ്യമാക്കുന്നതാണ് ഇ - വിസ. ആര് ഒ പി വെബ്സൈറ്റ് വഴി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇതിലൂടെ സാധിക്കും. ഇതോടെ വിസ ആവശ്യങ്ങള്‍ക്ക് ഓഫീസുകള്‍ കയറി ഇറങ്ങുന്ന സാഹചര്യം ഒഴിവാകും.
കുടുംബത്തോടൊപ്പം ചേരാനും വ്യവസായ ആവശ്യങ്ങള്‍ക്കുമെല്ലാം ഒമാനിലെത്തുന്നവര്‍ക്ക് എളുപ്പത്തില്‍ വിസ ലഭ്യമാക്കുന്നതാണ് പുതിയ ഇലക്ട്രോണിക് വിസാ രീതി. അവധി ദിനത്തിലും വെബ്സൈറ്റ് സന്ദര്‍ശിച്ച് വിസ ലഭ്യമാക്കാവുന്നതാണ്. ആര് ഒ പി വെബ്സൈറ്റില്‍ യൂസര്‍നെയിം, പാസ്വേഡ് എന്നിവ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് വിസക്ക് അപേക്ഷിക്കാനാകും. പെയ്മന്റ് നല്‍കുന്നതിന് മുന്നോടിയായി മാറ്റിത്തിരുത്തലുകളും നടത്താവുന്നതാണ്. ഒമാന്റെ സാമ്പത്തിക വൈവിധ്യവത്കരണത്തിന് പുതിയ ഇലക്ട്രോണിക് വിസാ സംവിധാനം ഗുണം ചെയ്യുമെന്ന് ആര് ഒ പി വ്യക്തമാക്കി.