അബുദാബിയില്‍ നിസ്സാര നിയമലംഘനങ്ങള്‍ക്ക് ഡ്രൈവര്‍മാര്‍ക്ക് ലഭിച്ച ബ്ലാക്ക് മാര്‍ക്കുകള്‍ നീക്കുന്നു. വാഹനവും ഡ്രൈവിംഗ് ലൈസന്‍സും പുതുക്കി ഗതാഗത ഫയല്‍ കുറ്റമറ്റതാക്കാന്‍ ഇതുവഴി സാധിക്കും. 2017 നന്മയുടെ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗാമായാണ് തീരുമാനമെന്ന് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴ വര്‍ധിപ്പിച്ച നിയമം ജൂലായ് 15 മുതല്‍ നിലവില്‍ വരും. ഇതിന് മുന്‍പ് നിയമലംഘനങ്ങള്‍ നീക്കി ഡ്രൈവിംഗ് ലൈസന്‍സ് സുരക്ഷിതമാക്കാമെന്ന് പൊലീസ് അറിയിച്ചു. ഗതാഗത സുരക്ഷയ്ക്ക് സഹായിക്കുന്നതാണ് പുതിയ തീരുമാനം. എന്നാല്‍ ഗുരുതരമായ നിയമലംഘനങ്ങള്‍ നടത്തിയവര്‍ക്ക് ആനൂകൂല്യം ലഭിക്കില്ല.
അപകടങ്ങള്‍ വിളിച്ചു വരുത്തും വിധം വളഞ്ഞും പുളഞ്ഞും വാഹനം ഓടിക്കുക, അമിത വേഗം, റെഡ് സിഗ്നല്‍ മറികടക്കുക, അന്യരുടെ ജീവന് അപായപ്പെടുത്തും വിധം വാഹനമോടിക്കുക, ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് ലഭിച്ച ബ്ലാക്ക് മാര്‍ക്ക് നീക്കാനാവില്ല. ഒരു വര്‍ഷത്തിനിടെ 24 ബ്ലാക്ക് മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് ലൈസന്‍സ് നഷ്ടപ്പെടും.