യാത്രാ വാഹനത്തില്‍ രൂപമാറ്റം വരുത്തുന്നത് സംബന്ധിച്ച പുതിയ നിയമം ജൂണില്‍ പ്രാബല്യത്തില്‍ വരും. പൊതുജന സുരക്ഷ കണക്കിലെടുത്താണ് പുതിയ തീരുമാനം
യാത്രക്കാരുടെ സുരക്ഷയ്ക്ക് വിഘാതമാകും വിധത്തില്‍ വാഹനങ്ങള്‍ രൂപമാറ്റം വരുത്താന്‍ പാടില്ല. ഏതെങ്കിലുമൊരു വാഹനം ഇതര വാഹനങ്ങളുമായി ചേര്‍ത്ത് രൂപമാറ്റം വരുത്തുന്നത് സുരക്ഷയ്ക്ക് പ്രശ്നമാകുമെന്നാണ് വിലയിരുത്തല്‍. രൂപമാറ്റം വരുത്തിയ കാറുകള്‍ക്ക് യുഎഇയില്‍ പ്രചാരം ഏറിവരുന്ന സാഹചര്യത്തില്‍ സുരക്ഷാ ഉറപ്പുവരുത്താന്‍ വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം, ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി, ഓട്ടോമൊബീല്‍ ആന്‍ഡ് ടൂറിങ് ക്ലബ്, അബുദാബി യാസ് സര്‍ക്യൂട്ട് എന്നിവയുമായി സഹകരിച്ചാണ് ഇത്തരം വാഹനങ്ങളെ നിയന്ത്രിക്കുക.
പുതിയതും ഉപയോഗിച്ചതുമായ വാഹനങ്ങളുടെ രൂപമാറ്റത്തിനും പുതിയ നിയമം ബാധകമാണ്. വാഹനത്തിന്റെ ഏതെങ്കിലുമൊരു ഭാഗമോ സംവിധാനമോ മാറ്റുകയാണെങ്കിലും നിയമം പാലിച്ചിരിക്കണം. എന്നാല്‍ മോട്ടോര്‍ സൈക്കിള്‍, ട്രെയ്്ലര്‍, കാരവന്‍സ്, ട്രാക്ടര്‍ എന്നിവയെ പുതിയ നിയമത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.